കോഴിക്കോട്∙ ആകാശവാണിയെ പുതിയ രൂപത്തിൽ പുനരവതരിപ്പിക്കാനൊരുങ്ങി (റീ ബ്രാന്റ്) പ്രസാർഭാരതി. വാർത്ത, വിനോദം, വാണിജ്യം എന്നിങ്ങനെ മൂന്നുതരം ചാനലുകൾ ഓരോ സംസ്ഥാനത്തും ലഭ്യമാക്കുന്ന പദ്ധതി ജനുവരിയിൽ തുടങ്ങാനാണു ലക്ഷ്യമിടുന്നത്. പൊതു വാർത്താ വിഭാഗത്തിൽ പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റ്, വിവിധ്ഭാരതിയുടെ വാണിജ്യ സംപ്രേഷണം, റെയിൻബോ സർവീസ് വിനോദ സംപ്രേഷണം എന്നിവയാണ് പ്രസാർഭാരതി ദേശീയതലത്തിൽ ‘റീബ്രാൻഡ്’ ചെയ്യാനൊരുങ്ങുന്നത്.
സംസ്ഥാനത്ത് പൊതു വാർത്താ സർവീസുകൾ തിരുവനന്തപുരം നിലയത്തിന്റെ നിയന്ത്രണത്തിനു കീഴിലായിരിക്കും. വിനോദ സംപ്രേഷണം കൊച്ചി നിലയത്തിനു കീഴിലായിരിക്കും. വാണിജ്യ സംപ്രേഷണം തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങൾക്കു കീഴിലായിരിക്കും. മറ്റു നിലയങ്ങളിൽനിന്നുള്ള അതതു പരിപാടികൾ ഈ നിലയങ്ങളിലേക്ക് അയച്ചുകൊടുക്കുകയും അവിടെനിന്ന് സംപ്രേഷണം നടത്തുകയുമാണ് ലക്ഷ്യമിടുന്നത്. ആകാശവാണിയിലെ മാനവവിഭവ ശേഷിയിൽ 2023ഓടെ വലിയ കുറവു സംഭവിക്കും. നിലവിൽ സർവീസിലുള്ളവരുടെ 80 ശതമാനത്തിലധികവും ശരാശരി 55 വയസുകാരാണ്കുറഞ്ഞ വിഭവശേഷി ഉപയോഗിച്ച് കൂടുതൽ ഫലപ്രദമായ രീതിയിൽ ആകാശവാണിയെ മുൻനിരയിലേക്ക് കൊണ്ടുവരാനാണ് റീ ബ്രാന്റിങ്ങിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ഏജൻസികളെ ഉപയോഗിച്ചു നടത്തിയ പഠനങ്ങൾക്കുശേഷമാണ് നയപരമായ തീരുമാനം കൈക്കൊണ്ടത്. പരീക്ഷണാർഥം ഹൈദരാബാദിൽ നടപ്പാക്കി. പദ്ധതി വൻവിജയമാണ്. കോഴിക്കോട് അടക്കമുള്ള ആകാശവാണി നിലയങ്ങൾ അടച്ചുപൂട്ടുമെന്ന പ്രചാരണത്തെതുടർന്ന് വൻതോതിൽ ജനകീയ സമരങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഒരു നിലയവും അടച്ചുപൂട്ടില്ലെന്നും ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം നിർത്തുമെന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണമാണെന്നും ആകാശവാണി സിഇഒ എസ്.ശശിശേഖർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു
