കൊച്ചി: ലക്ഷദ്വീപില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്കൂളുകള്‍ അടച്ചു പൂട്ടുന്നു. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ് സ്കൂളുകള്‍ അടച്ചുപൂട്ടുന്നത്. സ്കൂളുകള്‍ ലയിപ്പിക്കുന്നതിന്‍റെ മറവിലാണ് അടച്ച് പൂട്ടല്‍. 15 ഓളം സ്കൂളുകളാണിതുവരെ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം നാല് സ്കൂളുകള്‍ അടച്ചു പൂട്ടിയതായി ആണ് റിപ്പോര്‍ട്ട്. മറ്റ് ചില സ്കൂളുകള്‍ കൂടി ഇത്തരത്തില്‍ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ് നിവാസികള്‍ പറയുന്നു.ലക്ഷദ്വീപില്‍ ഫിഷറീസ് വകുപ്പിലും സർക്കാർ സർവീസിലും കൂട്ട സ്ഥലം മാറ്റത്തിന് ഉത്തരവ് പുറത്തിറക്കി അഡ്മിനിസ്‌ട്രേറ്റര്‍ . 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റുന്നത് . ഇവരെ വ്യത്യസ്ത ദ്വീപുകളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നടപടി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിരിക്കുന്നു .കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചിരുന്നു. കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു പുതിയ നടപടി.
ഇതിനിടെ എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനും നീക്കമുണ്ട്. വിദഗ്ധ ചികിത്സക്കായി ലക്ഷദ്വീപില്‍ നിന്ന് െകാച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനാണ് തീരുമാനം.
ഇതിന്‍റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം ടെണ്ടര്‍ വിളിച്ചു. നിലവില്‍ രണ്ട് എയര്‍ ആംബുലന്‍സുകളാണ് ലക്ഷദ്വീപില്‍ നിന്ന് രോഗികളെ കൊച്ചിയിലെയും മറ്റും ആശുപത്രികളിലേക്ക് എത്തിക്കാനുള്ളത്. ഇതിന്‍റെ സേവനം അവസാനിപ്പിച്ച് സ്വകാര്യമേഖലക്ക് നല്‍കാനാണ് നീക്കം.ലക്ഷദ്വീപില്‍ നടക്കുന്ന ഭരണകൂട്ട വേട്ടയാടലിന്‍റെ പശ്ചാത്തലത്തില്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ എ.ഐ.സി.സിക്ക് അനുമതിയില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് അനുമതി നിഷേധിച്ചത്. ദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഡ്യം അറിയിക്കാനും, അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നപടികളില്‍ അന്വേഷണം നടത്താനുമാണ് എ.ഐ.സി.സി സംഘം ദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. രണ്ടുതവണ അപേക്ഷിച്ചെങ്കിലും അനുമതി നല്‍കിയില്ലെന്ന് എ.ഐ.സി.സി വ്യക്തമാക്കി
അതെസമയം പ്രതിഷേധങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ദ്വീപ് കലക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്.
