ഒത്തുകളി വിവാദം: കളിക്കളത്തില്‍ തിരിച്ചെത്താന്‍ 20 ലക്ഷം രൂപ പിഴയടച്ച്‌ പാക് താരം ഉമര്‍ അക്മല്‍

 പച്ച കുപ്പായമണിഞ്ഞ് കളിക്കളത്തില്‍ തിരിച്ചെത്താനായി 4.5 മില്യണ്‍ പാക് രൂപയുടെ കനത്ത പിഴയടച്ച്‌ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഉമര്‍ അക്മല്‍. കഴിഞ്ഞ വര്‍ഷം ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ സമീപിച്ചെങ്കിലും ഇത് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാത്തതിലാണ് ഉമര്‍ അക്മലിനെ കുറ്റക്കാരനായി കണ്ടെത്തിയത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തേക്ക് അക്മലിനെ സസ്പെന്റ് ചെയ്യുകയായിരുന്നു. പിഴയടച്ചതോടെ സസ്പെന്‍ഷന്‍ കാലാവധി 18 മാസമായി കുറയും.


ശിക്ഷാ വിധിക്കെതിരെ അപ്പീലുമായി കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഓഫ് സ്പോര്‍ട്സിനെ (സിഎഎസ്) സമീപിക്കുകയായിരുന്നു അക്മല്‍. തുടര്‍ന്ന് അഴിമതി വിരുദ്ധ നിയമമനുസരിച്ച്‌ ശിക്ഷാ കാലാവധി കുറയ്ക്കുന്നതിന് 45 ലക്ഷം പാകിസ്ഥാന്‍ രൂപ പിഴയടക്കാന്‍ സിഎഎസ് ഉത്തരവിടുകയായിരുന്നു.



പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ നിയമം അനുസരിച്ച്‌ രണ്ട് സംഭവങ്ങളില്‍ അക്മല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷയായി വിധിച്ച പിഴയടക്കുന്നതിന് ഉമര്‍ അക്മല്‍ ക്രിക്കറ്റ് ബോര്‍ഡിനോട് സാവകാശം ആവശ്യപ്പെട്ടിരുന്നു. സാമ്ബത്തിക പ്രതിസന്ധിയുള്ളതിനാല്‍ പിഴ ഒരുമിച്ച്‌ അടക്കാനാവില്ലെന്നും, തവണകളായി നല്‍കാമെന്നുമാണ് അക്മല്‍ വാദിച്ചത്. എന്നാല്‍ അക്മലിന്റെ സാമ്ബത്തിക സ്ഥിതി പരിശോധിച്ച ശേഷം ഈ ആവശ്യം ക്രിക്കറ്റ് ബോര്‍ഡ് നിരസിക്കുകയായിരുന്നു. ഇതിനിടെയാണ് ഉമര്‍ അക്മല്‍ മുഴുവന്‍ തുകയായ 45 ലക്ഷം പാക് രൂപ (ഏകദേശം 20 ലക്ഷം ഇന്ത്യന്‍ രൂപ) പി യടച്ചതായ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.


- ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് വിജയിയെ കണ്ടെത്തുവാന്‍ ഒന്നിലധികം മത്സരങ്ങള്‍ നടത്തുന്നത് ഉചിതം 


2020 ഫെബ്രുവരിയിലാണ് ഉമറിനെ ക്രിക്കറ്റില്‍ നിന്നും സസ്പെന്റ് ചെയ്തത്. ശിക്ഷാ കാലാവധിയില്‍ ഒരു വര്‍ഷത്തിലധികം ഇതിനിടെ പൂര്‍ത്തിയാക്കിയതോടെ ഉടന്‍ തന്നെ കളിക്കളത്തിലേക്ക് മടങ്ങി എത്താമെന്ന പ്രതീക്ഷയിലാണ് ഉമര്‍ അക്മല്‍. അതേസമയം, അബൂദാബിയില്‍ നടക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്‌എല്‍) ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ തുടര്‍ നടപടികളില്‍ കാലതാമസമുണ്ടാവും.


31 വയസ്സുകാരനായ പാകിസ്ഥാന്‍ മധ്യനിര ബാറ്റ്സ്മാനും പാര്‍ട്ട് ടൈം ലെഗ് സിപിന്നറുമായ ഉമര്‍ അക്മല്‍ ഇതുവരെ 121ഏകദിനങ്ങളില്‍ നിന്നായി 3000 ലധികം റണ്‍സും 84 ടി20 മത്സരങ്ങളില്‍ നിന്നായി 1690 റണ്‍സും നേടിയിട്ടുണ്ട്. കളിച്ചിട്ടുണ്ട്. 2019 നവംബറില്‍ ശ്രീലങ്കക്കെതിരായ ടി20 മത്സരത്തിലാണ് അവസാനമായി അക്മല്‍ പാകിസ്ഥാന് വേണ്ടി കളിച്ചത്. ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ 2019 ഏപ്രിലിലും ടെസ്റ്റില്‍ 2011ലുമാണ് അക്മല്‍ അവസാനം കളത്തിലിറങ്ങിയത്. ഉമര്‍ അക്മലിന്റെ സഹോദരനാണ് പാക് ക്രിക്കറ്ററായ കമ്രാന്‍ അക്മല്‍.


കളിക്കാര്‍ ഒത്തുകളിയിലും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്നും നേരത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒത്തുകളിക്ക് സമീപിച്ചാല്‍ അവിമതി വിരുദ്ധ ഏജന്‍സികളെ സമീപിക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. ജൂണ്‍ - ജൂലൈ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനമാണ് ഇനി വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റ്. തുടര്‍ന്ന് ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏഴ് മത്സരങ്ങളടങ്ങിയ ടി20 ടൂര്‍ണമെന്റ് നടക്കും. ഒക്ടോബറില്‍ ടി20 ടൂര്‍ണമെന്റിനായി പാകിസ്ഥാന്‍ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടും.


أحدث أقدم
Kasaragod Today
Kasaragod Today