വീടു കുത്തിത്തുറന്ന് ആറര പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്‌തു

കാസര്‍കോട്‌: പത്തു ദിവസം മുമ്പ്‌ ഗള്‍ഫില്‍ നിന്നും എത്തിയ ആളുടെ വീടു കുത്തി തുറന്നു ആറര പവന്‍ സ്വര്‍ണ്ണവും 4000 രൂപയും കവര്‍ച്ച ചെയ്‌തു. ഉളിയത്തടുക്ക ഷിറിബാഗിലു എ.കെ.മന്‍സിലിലെ അബ്‌ദുല്‍ ഹാരിസിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത്‌ അകത്ത്‌ കടന്ന്‌ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ്‌ കവര്‍ന്നത്‌. 10 ദിവസം മുമ്പാണ്‌ അബ്‌ദുല്‍ ഹാരിസ്‌ ഗള്‍ഫില്‍ നിന്നു എത്തിയത്‌. രാവിലെ 10 മണിയോടെ വീടു പൂട്ടി കുടുംബസമേതം മംഗ്‌ളൂരുവിലേയ്‌ക്കു പോയതായിരുന്നു. രാത്രി പത്തുമണിയോടെ തിരിച്ചെത്തിയപ്പോഴാണ്‌ കവര്‍ച്ച നടന്ന കാര്യം അറിഞ്ഞത്‌.
വിവരമറിഞ്ഞ്‌ കാസര്‍കോട്‌ ടൗണ്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.അജിത്ത്‌ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി പരിശോധന നടത്തി. എന്നാല്‍ കവര്‍ച്ചക്കാരെ സംബന്ധിച്ച സൂചനകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വീടു പൂട്ടിപോകുമ്പോള്‍ വീട്ടില്‍ സ്വര്‍ണ്ണമോ മറ്റു വിലപ്പെട്ട വസ്‌തുക്കളോ സൂക്ഷിക്കുന്നത്‌ കരുതലോടെ വേണമെന്ന്‌ പൊലീസ്‌ പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today