മംഗളൂരു: പൂജക്ക് ശേഷം നല്‍കിയ ഉണങ്ങിയ പൂമാലകള്‍ക്കൊപ്പം നല്‍കിയ ഇരുപതുപവന്റെ സ്വര്‍ണ്ണമാല പശു വിഴുങ്ങിയതോടെ വീട്ടുകാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. ഷിമോഗസാഗര്‍ താലൂക്കിലെ നന്ദിത്താലെയില്‍ രവീന്ദ്രഭട്ടിന്റെ പശുവാണ് സ്വര്‍ണ്ണമാല വിഴുങ്ങിയത്. വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ പൂമാലക്കൊപ്പം 20 പവന്റെ സ്വര്‍ണ്ണവുമുണ്ടായിരുന്നു. പൂജക്ക് ശേഷം വീട്ടുകാര്‍ ഉണങ്ങിയ പൂമാലകള്‍ പശുവിന് നല്‍കിയപ്പോള്‍ സ്വര്‍ണ്ണമാല അതില്‍ കുരുങ്ങിയത് വീട്ടുകാര്‍ കണ്ടില്ല. ഈ സമയം രവീന്ദ്രഭട്ട് പുറത്തുപോയിരുന്നു. സ്വര്‍ണ്ണമാലസഹിതം പൂമാല പശു അകത്താക്കുകയും ചെയ്തു. രവീന്ദ്രന്‍ തിരിച്ചുവന്നപ്പോഴാണ് പൂമാലയില്‍ സ്വര്‍ണ്ണമാലയും ഉണ്ടായിരുന്ന കാര്യം വീട്ടുകാരറിഞ്ഞത്. പശു സ്വര്‍ണ്ണം വിഴുങ്ങിയെന്ന് വ്യക്തമായതോടെ രവീന്ദ്രഭട്ട് മൃഗഡോക്ടറെയും കൂട്ടി വീട്ടില്‍ വന്നു. മൃഗഡോക്ടര്‍ പശുവിനെ വിശദമായ പരിശോധനക്ക് വിധേയമാക്കി. സ്വര്‍ണ്ണം അകത്തുകിടക്കുന്നതുകൊണ്ട് ഇപ്പോള്‍ പശുവിന് കുഴപ്പമൊന്നുമില്ലെന്നും ചാണകം നിക്ഷേപിക്കുമ്പോള്‍ അതിനൊപ്പം സ്വര്‍ണ്ണമാലയും ഉണ്ടായേക്കാമെന്നും കുറച്ചുദിവസം നിരീക്ഷിച്ചാല്‍ മതിയെന്നുമായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ദിവസവും രാവിലെ എഴുന്നേറ്റ് ചാണകം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ പശുവിനെ മൃഗാസ്പത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയിലൂടെ സ്വര്‍ണ്ണം പുറത്തെടുക്കുകയും ചെയ്തു. എല്ലാം ഭംഗിയില്‍ കലാശിച്ചതോടെയാണ് വീട്ടുകാര്‍ക്ക് ശ്വാസം നേരെ വീണത്.
20 പവന്‍ സ്വര്‍ണ്ണമാല പശു വിഴുങ്ങി; ചാണകത്തിനൊപ്പം വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന വീട്ടുകാര്‍ നിരാശരായി, ഒടുവില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
News Desk
0