ന്യൂഡല്‍ഹി: പഞ്ചാബ്-മഹാരാഷ്ട്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്കിന്റെ മലയാളി
യായ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ജോയി തോമസ് അറസ്റ്റില്‍ . മുംബൈ പൊലീസിന്റെ സാമ്ബത്തിക കുറ്റകൃത്യ വിഭാഗമാണ് ജോയി തോമസിനെ അറസ്റ്റ് ചെയ്തത്. തോമസിനെ കാണാനില്ലെന്നായിരുന്നു ആദ്യം മുംബൈ പൊലീസ് അറിയിച്ചിരുന്നത് . 6500 കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വ്യാജ അക്കൗണ്ടിലൂടെ അനധികൃതമായി വായ്പ നല്‍കിയെന്നാണ് കേസ്.
അറസ്റ്റിലായ ജോയി തോമസിനെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു . എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ഇന്നലെ ഈ കേസുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു . ഈ റിപ്പോര്‍ട്ടില്‍ പിഎംസി ബോര്‍ഡ് അംഗങ്ങളെയും , ഹൗസിംഗ് ഡവലപ്പ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പ്രൊമോട്ടര്‍മാരെയും പ്രതികളായി ചേര്‍ത്തിട്ടുണ്ട് .കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുംബൈയിലെ ആറിടങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത് .
ബാങ്ക് പലര്‍ക്കായി ആകെ നല്‍കിയ വായ്പ 8880 കോടിയാണ്. ഇതില്‍ 6500 കോടിയും എച്ച്‌ഡിഐഎല്ലിന് മാത്രമായി വഴിവിട്ട് നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ആകെ വായ്പയുടെ 20 ശതമാനം മാത്രമാണ് വായ്പ അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നായിരുന്നു ഇത്. ഇത്രയും പണം കിട്ടാക്കടമായതോടെയാണ് ബാങ്ക് പ്രതിസന്ധിയിലായത്. വ്യാഴാഴ്ച എച്ച്‌ഡിഐഎല്‍ ഡയറക്ടര്‍ രാകേഷ് വധാവന്‍, അദ്ദേഹത്തിന്റെ മകന്‍ സാരംഗ് വധാവന്‍ എന്നിവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.