അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് ഇപ്പോൾ അപേക്ഷിക്കാം

അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷ ഇപ്പോൾ സമര്‍പ്പിക്കാം. പൂര്‍ണമായി ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോറവും, വിശദാംശങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ മുഖേനയായതിനാല്‍ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. നറുക്കെടുപ്പിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ കാറ്റഗറിയിലുമുള്ള അപേക്ഷകരും, അപേക്ഷയും, ഒറിജിനല്‍ പാസ്‌പോര്‍ട്ടും, അഡ്വാന്‍സ് തുകയടച്ച രസീത്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് 2021 ജനുവരി 20 വരെ കാലാവധിയുള്ളതും, 2019 ഒക്ടോബർ 10 നുള്ളില്‍ അനുവദിച്ചതുമായി മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുമുണ്ടായിരിക്കണം 2020 മേയ് 31 ന് 70 വയസ് പൂര്‍ത്തിയായവരെ (01-06-1950 നോ അതിനു മുൻപോ ജനിച്ചവര്‍) നിബന്ധനകള്‍ക്ക് വിധേയമായി റിസര്‍വ് കാറ്റഗറി (എ) യില്‍ (70 വയസിന് മുകളിലുള്ളവര്‍) ഉള്‍പ്പെടുത്തും. 70 വയസ് കഴിഞ്ഞ ആളുടെ കൂടെ ഒരു സഹായി നിര്‍ബന്ധമായും വേണം. ഇവര്‍ ഹജ്ജ് കമ്മിറ്റി മുഖേനയോ, അല്ലാതെയോ മുൻപ് ഹജ്ജ് ചെയ്തവരാകരുത്. 2020 മേയ് 31 ന് 45 വയസ് പൂര്‍ത്തിയായ മഹ്‌റമില്ലാത്ത നാല് സ്ത്രീകള്‍ക്ക് ഒരുമിച്ച്‌ അപേക്ഷിക്കാം. അഞ്ച് സ്ത്രീകള്‍ക്ക് വരെ ഈ വിഭാഗത്തില്‍ ഒന്നിച്ച്‌ അപേക്ഷിക്കാം. 2020 സെപ്റ്റംബർ 9 ന് രണ്ട് വയസു പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം ഇന്‍ഫന്റ് വിഭാഗത്തിലും അപേക്ഷിക്കാം. 2019 നവംബര്‍ 10 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി.


أحدث أقدم
Kasaragod Today
Kasaragod Today