ഖത്തറിലേയ്ക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍; ഒന്നരക്കോടി രൂപയുടെ ഹാഷിഷ് പിടികൂടി

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിന്നും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒന്നരക്കോടിയോളം രൂപ വില വരുന്ന 1.470 കിലോഗ്രാം ഹാഷിഷുമായി കാസര്‍ഗോഡ് സ്വദേശി പിടിയിലായി. ഖത്തറിലേക്ക് കടത്താനായി എത്തിയ കാഞ്ഞങ്ങാട് സ്വദേശി ഷബാനമന്‍സിലില്‍ മുഹമ്മദ് ആഷിഖ് (25) ആണ് പെരിന്തല്‍മണ്ണ എ.എസ്.പി നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത് .
വിദേശത്ത് ഡിജെ പാര്‍ട്ടികളിലും ഡാന്‍സ് ബാറുകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള വീര്യം കൂടിയ ഹാഷിഷ് ആണ് പിടികൂടിയത്. ഒരു ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപയും വിസയും ടിക്കറ്റുമാണ് ഇത്തരത്തില്‍ മയക്കുമരുന്നുമായി വിദേശത്തേക്ക് പോകുന്ന കാരിയര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഖത്തറിലെത്തുന്ന ബാഗേജ് പറയുന്ന സ്ഥലത്ത് എത്തിച്ചാല്‍ പണം കൊടുക്കും. പിടിക്കപ്പെടാതിരിക്കാന്‍ വിദഗ്ധമായി പായ്ക്കിങും മറ്റും ചെയ്തു കൊടുക്കാനും പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
ബംഗളൂരു, കോഴിക്കോട് , കൊച്ചി, മംഗലാപുരം എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കടത്ത്. ഖത്തറിലെ അടുത്ത ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് എത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചാണിത് കടത്തുന്നതെന്നും സൂചനയുണ്ട്. മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് ഖത്തറില്‍ മലയാളികളുള്‍പ്പടെയുള്ളവര്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നതിനെകുറിച്ച്‌ മലപ്പുറം ജില്ലാപോലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് വിമാനത്താവളത്തിലും , പരിസരങ്ങളിലും മറ്റും നിരീക്ഷണം നടത്തി. തുടര്‍ന്നാണ് ഇത്തരത്തില്‍ കാരിയര്‍മാര്‍ക്ക് മയക്കുമരുന്ന് ബാഗിലും മറ്റും ഒളിപ്പിച്ച്‌ കൈമാറുന്ന സംഘത്തെകുറിച്ച്‌ വിവരം ലഭിച്ചത് .
أحدث أقدم
Kasaragod Today
Kasaragod Today