റിട്ട. എസ്ഐ കൊല്ലപ്പെട്ട നിലയിൽ;അയൽവാസി കസ്റ്റഡിയിൽ


കോട്ടയം ∙ പുലർച്ചെ നടക്കാനിറങ്ങിയ റിട്ട. എസ്ഐ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ. അടിച്ചിറ, മുടിയൂർക്കര പറയകാവിൽ ശശിധരനാണ് (62) കൊല്ലപ്പെട്ടത്. അയൽവാസി കണ്ണാമ്പടം ജോസഫ് കുര്യനെ (സിജു–45) പൊലീസ് കസ്റ്റഡിയിലെടുത്തു.  വഴിവെട്ടു സംബന്ധിച്ച തർക്കമാണു കാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ 5. 20നാണ് അടിച്ചിറ ഗേറ്റ്–മുടിയൂർക്കര റോഡിൽ കണ്ണാമ്പടം ഭാഗത്താണു ശശിധരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി സിജു വിരോധത്തിലാണെന്നു പൊലീസ് പറഞ്ഞു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്.  സിജുവിന്റെ വീട്ടിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അയർലൻഡിൽ സ്ഥിര താമസമാക്കിയ മകളുടെ അടുത്തേക്ക് ഇന്നലെ വൈകിട്ടു പോകാനുള്ള ഒരുക്കത്തിലായിരുന്നു ശശിധരനും ഭാര്യയും. പുലർച്ചെ 5ന് പതിവു നടത്തത്തിന് ഇറങ്ങിയതാണു ശശിധരൻ. പത്രവിതരണക്കാരനായ യുവാവാണ് രക്തത്തിൽ മുങ്ങിയ നിലയിൽ ശശിധരനെ ആദ്യം കണ്ടത്.

റോഡിൽ വീണു മരിച്ചെന്നാണ് ആദ്യം കരുതിയത്.പൊലീസ് പരിശോധിച്ചപ്പോഴാണ് തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവു കണ്ടത്. ചെവി അറ്റ നിലയിലാണ്. ഇടതു കൈയ്ക്കും പരുക്കുണ്ട്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം സ്ഥിരീകരിച്ചു. മ‍ൃതദേഹം  രാവിലെ 8 ന് വീട്ടിലെത്തിക്കും. സംസ്കാരം ഇന്ന്  4 ന്.  ഭാര്യ: സുമ, വടവാതൂർ ചിറ്റിലക്കാട് കുടുംബാംഗം.  മക്കൾ: പ്രനൂപ് കുമാർ, പ്രീതി, മരുമക്കൾ: രമ്യ, അരുൺ (എല്ലാവരും നഴ്സുമാർ, അയർലൻഡ്).
أحدث أقدم
Kasaragod Today
Kasaragod Today