ഒസ്ലോ: സമാധാനത്തിന് പേരുകേട്ട നോര്‍വെയില്‍ പരസ്യമായി ഖുര്‍ആന്‍ അഗ്നിക്കിരയാക്കുന്ന തീവ്രവലതുപക്ഷ നേതാവിനെ അതില്‍ നിന്ന് തടയുന്ന കൗമാരക്കാരന്റെ ഇടപെടല്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. വെള്ളിയാഴ്ച നോര്‍വെയില്‍ നടന്ന മുസ്ലിംവിരുദ്ധ റാലിക്കു ശേഷമാണ് സംഭവങ്ങളുടെ തുടക്കം. സ്‌റ്റോപ്പ് ഇസ്ലാമൈസേഷന്‍ ഓഫ് നോര്‍വേ (സിയാന്‍) എന്ന തീവ്രവലതുപക്ഷ വംശീയ സംഘടന നേതാവ് ലാര്‍സ് തോര്‍സെന്‍ ആണ് സംഘടനയുടെ റാലിക്കു ശേഷം പൊതുമധ്യത്തില്‍ ഖുര്‍ആന് തീ കൊടുത്തത്. ഇത് കൊണ്ട് ഓടിയെത്തിയ ഇല്‍യാസ് എന്ന കൗമാരക്കാരന്‍, ലാര്‍സിന്റെ കൈയില്‍ നിന്ന് ഖുര്‍ആന്‍ വാങ്ങുകയും അത് അഗ്നിക്കിരയാവുന്നത് തടയുകയുമായിരുന്നു. പ്രാദേശിക പൊലിസിന്റെ വിലക്ക് ലംഘിച്ചായിരുന്നു ക്രിസ്ത്യന്‍സന്ദ് ടൗണില്‍ സിയാന്‍ മുസ്ലിംവിരുദ്ധ റാലി സംഘടിപ്പിച്ചത്.
ലാര്‍സ് ഖുര്‍ആന്‍ അഗ്നിക്കിരയാക്കുന്നതും അദ്ദേഹത്തിന്റെ അടുത്തേക്ക് ഇല്‍യാസ് ഓടിയടുത്ത് തടയുന്നതും വ്യക്തമാക്കുന്ന വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഓടിവന്ന ഇല്‍യാസ്, ലാര്‍സിന്റെ കോട്ടില്‍ പിടിച്ചുവലിക്കുകയും അദ്ദേഹത്തെ അതില്‍ നിന്ന് തടയുകയുമാണ് വിഡിയോയിലുള്ളത്. തുടര്‍ന്ന് പൊലിസ് എത്തി ഇല്‍യാസിനെ കീഴടക്കുന്നതും വിഡിയോയില്‍ കാണാം. 'യഥാര്‍ത്ഥ മുസ്ലിം ഹീറോ' എന്ന അടിക്കുറിപ്പോടെ പലരും ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
സംഭവത്തെ തുര്‍ക്കിയും പാകിസ്താനും ശക്തമായി അപലപിച്ചു. മതചിഹ്നങ്ങളെ പരസ്യമായി അവഹേളിക്കുന്ന നടപടികള്‍ നിര്‍ത്തലാക്കണമെന്ന് പാക് വിദേശകാര്യമന്ത്രാലയം നൊര്‍വീജിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമാന ആവശ്യം തുര്‍ക്കിയും മുന്നോട്ടുവച്ചിട്ടുണ്ട്.
നോര്‍വെയില്‍ ഒന്നരലക്ഷത്തോളം മുസ്ലിംകളാണുള്ളത്. തീവ്രവലതുപക്ഷ വംശീയ സംഘടനകള്‍ അഴിച്ചുവിടുന്ന പ്രചാരണംമൂലം മുസ്ലിംകള്‍ക്കെതിരെ നേരത്തെയും നോര്‍വെയില്‍ ആക്രമണം ഉണ്ടായിരുന്നു. ഈ വര്‍ഷം സപ്തംബറില്‍ പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ മുസ്ലിം യുവാവിനു നേരെ ആക്രമണം ഉണ്ടായത് വലിയ വാര്‍ത്തയായിരുന്നുവീഡിയോ കാണാം .https://youtu.be/b1ZS_KBYrG8