പാമ്പുകൾക്ക് സ്കൂളുണ്ട്; പൊളിഞ്ഞ കെട്ടിടം വിദ്യാർഥികൾക്ക്


കുമ്പള ∙ പാമ്പ് ഭീതിയും ഒപ്പം ഏതു നിമിഷവും ഇടിഞ്ഞു വീഴുമെന്ന നിലയിലുള്ള കെട്ടിടവുമായി ബംബ്രാണ ജിബിഎൽപി സ്കൂൾ. 1962ൽ നിർമിച്ച കെട്ടിടത്തിൽ  67 വിദ്യാർഥികളും 9 അധ്യാപകരും. കെട്ടിടങ്ങളുടെ പിറകിലും അരികിലും കുറ്റിക്കാട്. കാട്ടിൽ നിന്നു പാമ്പ്, മയിൽ, കാട്ടുപന്നി തുടങ്ങിയവയെല്ലാം സ്കൂൾ ശുചിമുറിയിലേക്ക് ഇടയ്ക്കിടെ എത്താറുണ്ട്. കെട്ടിടത്തിന്റെ അടിത്തട്ടിൽ കരിങ്കൽ പാളികളുടെ വിടവിൽ മാളങ്ങളാണ്. പഴയ ശുചിമുറികളിൽ പാമ്പിന്റെ ശൽക്കങ്ങൾ കാണാം. ഒരാഴ്ച മുൻപു സ്കൂളിന്റെ കഞ്ഞിപ്പുര ഭാഗത്തു പാമ്പിനെ കണ്ടിരുന്നു.
വെള്ളം എടുക്കാൻ കയറിയ അധ്യാപകൻ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വിദ്യാർഥികൾക്കും സ്കൂൾ സ്റ്റാഫിനും ഉപയോഗിക്കാൻ ഓരോ ശുചിമുറിയുണ്ട്. ക്യു നിൽക്കേണ്ടി വന്നാൽ വിദ്യാർഥികൾ പഴയ കെട്ടിടങ്ങളിലെ ശുചിമുറികൾ ഉപയോഗിക്കാൻ നിർബന്ധിതരാകും. സ്കൂളിനു ചുറ്റുമതിലില്ല. അതിരുകൾ അളന്നു മതിൽ നിർമിക്കാൻ നടപടി ആവശ്യപ്പെട്ട് അധ്യാപക രക്ഷാകർതൃസമിതി  മുഖ്യമന്ത്രിക്കും മറ്റും നൽകിയ നിവേദനങ്ങൾ ഇനിയും ഫലം കണ്ടില്ല.

സ്കൂളിന്റെ സ്ഥലത്തു കയ്യേറ്റമുണ്ടെന്ന പരാതിയിലാണ് അളന്നുതിരിക്കാൻ ആവശ്യപ്പെട്ടത്. റവന്യു അധികൃതർ ഇതിനായി നടത്തിയ ശ്രമം  വിഫലമായെന്നാണു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കഴിഞ്ഞ ജനുവരി 7 നു അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റിനു നൽകിയ മറുപടി. മതിൽ ഇല്ലാത്തതിനാൽ വാഹനങ്ങളുടെ പോക്കു വരവും മറ്റും വിദ്യാലയത്തിന്റെ പഠന അന്തരീക്ഷത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പരാതിയിൽ ബോധിപ്പിച്ചിരുന്നു. അവധി ദിവസങ്ങളിലും രാത്രിയിലും സ്കൂൾ കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുന്നുവെന്ന പരാതിയും വ്യാപകമാണ്.
أحدث أقدم
Kasaragod Today
Kasaragod Today