വാളയാർ ∙ വീട്ടിനുള്ളിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി 9 വയസ്സുകാരൻ മരിച്ചു. മരുതറോഡ് ഇരട്ടയാൽ ശങ്കരത്ത്കാട് വീട്ടിൽ രാമചന്ദ്രന്റെ മകൻ അതുൽ ആണു മരിച്ചത്. ദിവസങ്ങൾക്കു മുൻപു മുറ്റത്തു കളിക്കുന്നതിനിടെ വീണു കാലിനു പരുക്കേറ്റ അതുലിന്, കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ സഹായത്തിനായി കെട്ടിയ കയറാണു കഴുത്തിൽ കുരുങ്ങിയത്. ടിവിയിൽ കണ്ട സാഹസികരംഗം അനുകരിക്കാനുള്ള ശ്രമത്തിനിടെ കയർ അബദ്ധത്തിൽ മുറുകിയതാകാമെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 9.35നാണു സംഭവം. മരുതറോഡ് എൻഎസ്എസ് ബാലനികേതൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ അതുൽ ഇന്നലെ ഉച്ചയ്ക്കുള്ള പരീക്ഷയ്ക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു. അമ്മ ജോലിക്കും അച്ഛൻ ഒരു മരണവീട്ടിലും പോയിരുന്നു. കൂടെയുണ്ടായിരുന്ന മൂത്ത സഹോദരൻ തൊട്ടടുത്ത കടയിൽ പലചരക്കു വാങ്ങാൻ പോയി. സഹോദരൻ തിരിച്ചെത്തിയപ്പോൾ കയറിൽ കുരുങ്ങിയ നിലയിലായിരുന്നു അതുൽ. ഉടൻ അയൽവാസികളെ അറിയിച്ചു ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. അമ്മ: ലത. സഹോദരൻ: അഖിൽ
Advertisement