അധ്യാപകൻ വിദ്യാര്‍ത്ഥിയെ മർദ്ധിച്ച് ബോധം കെടുത്തിയതായി കാസർകോട് ചൈൽഡ് ലൈനിൽ പരാതി

ബന്തിയോട്: അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് അധ്യാപകര്‍ തടിതപ്പി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. സ്‌കൂളിലെ ഒരു കസേര തകര്‍ത്തു എന്നാരോപിച്ചായിരുന്നുവത്രെ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. അതിനിടെ വിദ്യാര്‍ത്ഥി ബോധരഹിതനായി വീണു. നാല് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ കാറില്‍ വീട്ടിലെത്തിച്ച ശേഷം തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിലേക്കയക്കരുത് എന്ന് പറഞ്ഞ് പോവുകയായിരുന്നുവത്രെ. മാതാവ് വിദ്യാര്‍ത്ഥിയുടെ ശരീരം പരിശോധിച്ചപ്പോള്‍ അടിയേറ്റ പാട് കണ്ടെത്തി. തുടര്‍ന്ന് സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചൈല്‍ഡ്‌ലൈനില്‍ വിവരമറിയിക്കുകയും ചെയ്തു. ഒരു അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി തെറ്റു പറ്റിപ്പോയെന്നും പരാതി നല്‍കരുതെന്നും പറഞ്ഞതായി വീട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇതേ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. അന്ന് നാടുവിട്ട വിദ്യാര്‍ത്ഥിയെ രണ്ട് ദിവസത്തിന് ശേഷം തമിഴ്‌നാട്ടില്‍ കണ്ടെത്തുകയായിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today