ന്യൂഡൽഹി:പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യമൊട്ടുക്കും കത്തിപ്പടരുന്ന സമരത്തിൽ പതിവിൽനിന്ന് വ്യത്യസ്തമായി സ്ത്രീസാന്നിധ്യം ശ്രദ്ധേയമാകുന്നു. എല്ലാ സമരവേദികളിലും യുവാക്കളോടൊപ്പംതന്നെ ഊർജസ്വലമായി പോരാട്ടത്തിന് വീര്യംപകർന്ന് ആവേശമുയർത്തുകയാണ് പെൺകുട്ടികളും യുവതികളും. ഡൽഹിയിലെ സ്ഥിരം സമരവേദിയായ ജന്തർമന്തറിൽ വ്യാഴാഴ്ചനടന്ന പ്രതിഷേധത്തിലും ഇതായിരുന്നു കാഴ്ച.
ആദ്യഘട്ടത്തിൽ സർവകലാശാലകളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് പെൺകുട്ടികളുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ആൺകുട്ടികളെ വെല്ലുന്നവിധത്തിൽ മണിക്കൂറുകളോളം മുദ്രാവാക്യം വിളിക്കാനും മുൻനിരയിൽനിന്ന് പ്രതിഷേധം നയിക്കാനും ഒട്ടേറെ പെൺകുട്ടികൾ രംഗത്തുവന്നു. ഇതോടൊപ്പം പോലീസിന്റെ ലാത്തിച്ചാർജ് നടക്കുമ്പോൾ അതിനെ പ്രതിരോധിക്കാനും ഇവർ മുമ്പിലെത്തി. ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ മലയാളി വിദ്യാർഥിനി ആയിഷ റെന്ന, സഹപാഠികളെ മർദിക്കാൻ ലാത്തിയുമായെത്തിയ പോലീസിനുനേരെ തന്റേടത്തോടെ കൈചൂണ്ടി പിന്തിരിപ്പിക്കുന്ന ചിത്രം തരംഗമായി.
ഡൽഹിയിലെ ജവാഹർലാൽ നെഹ്രു സർവകലാശാല (ജെ.എൻ.യു.), ഡൽഹി സർവകലാശാല, യു.പി.യിലെ അലിഗഢ് മുസ്ലിം സർവകലാശാല തുടങ്ങി സമരം കത്തിപ്പടർന്ന പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിലെല്ലാം മുൻനിരയിൽ പെൺകുട്ടികളെയാണ് കണ്ടത്. ജന്തർമന്തറിൽ പ്രതിഷേധിക്കാനെത്തുന്നവരിൽ പെൺകുട്ടികളാണ് പകുതിയിലേറെയും. ഇന്ത്യാ ഗേറ്റ്, ചെങ്കോട്ട തുടങ്ങിയയിടങ്ങളിലെ സമരവേദികളിലേക്കെല്ലാം വിദ്യാർഥിനികളും യുവതികളും കൂട്ടമായെത്തി.
സമരം റിപ്പോർട്ട് ചെയ്യാനെത്തിയ ദൃശ്യമാധ്യമങ്ങൾക്കുമുമ്പിലും കാര്യങ്ങൾ വിശദീകരിക്കാൻ പെൺകുട്ടികൾ മുൻകൈയെടുത്തു. കൂട്ടബലാത്സംഗത്തിനിരയായി നിർഭയ കൊല്ലപ്പെട്ടതിനെത്തുടർന്നുനടന്ന സമരത്തിലാണ് ഇതിനുമുമ്പ് പെൺകുട്ടികളുടെ വൻതോതിലുള്ള സാന്നിധ്യമുണ്ടായിരുന്നത്.