മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അഞ്ച് വയസുകാരന്‍ ജാര്‍ഖണ്ഡ് സ്വദേശി സൈനുല്‍ അബിദീന്റെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വഴി തെളിഞ്ഞു. ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ഇടപെട്ടതോടെയാണ് ശസ്ത്രക്രിയക്ക് തടസ്സം നീങ്ങിയത്.
പരിശോധനയില്‍ പിതാവിന്റെ കരള്‍ കുട്ടിക്ക് ചേരുമെന്ന് കണ്ടെത്തി.10 ലക്ഷം ഉടന്‍ അടക്കണമെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചത്.18 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ചെലവ് വരിക. നിര്‍ധന കുടുംബത്തിന് ഇത്രയും വലിയ തുക സ്വരൂപിക്കാന്‍ കഴിയില്ലായിരുന്നു. തുടര്‍ന്ന് കൊച്ചി സര്‍വകലാശാല ടീച്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവിനെ ബന്ധപ്പെട്ടു.
അദ്ദേഹം മന്ത്രി കെ കെ ശൈലജയെ വിവരം ധരിപ്പിച്ചതോടെയാണ് കുട്ടിയുടെ ചികിത്സക്കുള്ള തടസ്സങ്ങള്‍ നീങ്ങിയത്. ശസ്ത്രക്രിയ നടത്താന്‍ ബുധനാഴ്ച മന്ത്രി നേരിട്ട് ആസ്പത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
കൊച്ചി സര്‍വകലാശാല ഫോട്ടോണിക്‌സ് വിഭാഗത്തിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലൊ മൊഹമ്മദ് സഹീര്‍ അന്‍സാരിയുടെ മകനാണ് സൈനുല്‍ അബിദീന്‍. മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ബാധിച്ച സൈനുല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതോടെ അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ രക്ഷിക്കാന്‍എത്രയും വേഗം കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.