ബോവിക്കാനം ∙ 'മുറ്റത്ത് നിന്ന് എന്തോ ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് പുറത്തിറങ്ങിയത്; പുറത്തെ ബൾബിന്റെ സ്വിച്ചിട്ടപ്പോൾ ഞെട്ടിപ്പോയി; മുറ്റം നിറയെ ആനകൾ; ഒന്നോ രണ്ടോ അല്ല നാലെണ്ണം'. വീട്ടുമുറ്റത്ത് കാട്ടാനക്കൂട്ടമെത്തിയതിനെക്കുറിച്ച് പറയുമ്പോൾ കാനത്തൂർ മൂടയംവീട്ടിലെ വി. രാഘവന്റെ മനസ്സിൽ നിന്നു ഞെട്ടൽ ഇനിയും മാറിയിട്ടില്ല.
ഇന്നലെ പുലർച്ചെ രണ്ടിനാണ് കാട്ടാനക്കൂട്ടം എത്തിയത്. സമീപത്തെ വനത്തിൽ ആനക്കൂട്ടം എത്തിയതായി പകൽ തന്നെ സൂചന ലഭിച്ചിരുന്നതിനാൽ നാട്ടുകാർ ഉറക്കം ഇളച്ച് കാവൽ നിന്നിരുന്നു. രാത്രി ഒരു മണിയോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്. രാഘവനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഉറങ്ങാൻ കിടന്ന് അൽപം കഴിഞ്ഞപ്പോഴാണ് വീട്ടുമുറ്റത്ത് നിന്ന് വാഴകൾ ഞെരിയുന്ന ശബ്ദം കേട്ടത്. വാതിൽ തുറന്ന് നോക്കിയപ്പോൾ ആനക്കൂട്ടം വാഴകളും തെങ്ങും നശിപ്പിക്കുന്നതാണ് കണ്ടത്.
ഉടൻ വീട്ടുകാർ ഉണർന്ന് ബഹളം വെക്കുകയും അയൽവാസികൾ എത്തുകയും ചെയ്തു. തീയിടുകയും ശബ്ദമുണ്ടാക്കുകയും ചെയ്തെങ്കിലും ആനക്കൂട്ടം പിൻവാങ്ങാൻ തയാറല്ലായിരുന്നു. തീയിടുമ്പോൾ ചിന്നം വിളിച്ച് ആൾക്കാർക്കു നേരെ തിരിഞ്ഞതോടെ ഭീതി പടർന്നു. തീയിടൽ തുടർന്നതോടെയാണ് ആനക്കൂട്ടം മെല്ലെ തിരിച്ചു പോയത്.
പോകുന്നതിനിടെ കണ്ണിൽ കണ്ടതൊക്കെ നശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മാത്രം എട്ടോളം തെങ്ങ്, നിരവധി കവുങ്ങുകൾ, റബർ, വാഴകൾ തുടങ്ങിയവ ആനകൾ മണിക്കൂറുകൾക്കുള്ളിൽ തരിപ്പണമാക്കി. മാസങ്ങൾക്കു മുൻപും ഇദ്ദേഹത്തിന്റെ തോട്ടത്തിൽ ആനകൾ ഇറങ്ങിയിരുന്നു. വീടിന്റെ അടുത്ത് എത്തുന്നത് ആദ്യമാണ്. പത്തിലേറെ വീടുകളാണ് ഇവിടെയുള്ളത്. ആനക്കൂട്ടം ജനവാസ മേഖലയിലേക്ക് കടക്കാൻ തുടങ്ങിയതോടെ ഇവരെല്ലാം ഉറക്കം നഷ്ടപ്പെട്ട നിലയിലാണ്.