കുമ്പള:എക്സൈസ് സംഘം കൈകാണിച്ചപ്പോൾ നിർത്താതെപോയ ബൈക്ക് എക്സൈസ് പിന്തുടരുന്നതിനിടയിൽ മതിലിലിടിച്ച് മറിഞ്ഞു. യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാസർകോട് ചൗക്കിയിലെ നവീൻകുമാറിനാണ് (32) പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പെർമുദയ്ക്കടുത്ത ചേവാറിലായിരുന്നു സംഭവം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് വാഹനപരിശോധനയുടെ ഭാഗമായി പെർമുദയിൽ ബൈക്കിന് കൈകാണിച്ചിരുന്നു.
നിർത്താതെപോയ ബൈക്കിനെ എക്സൈസ് അധികൃതർ പിന്തുടർന്നു. ചേവാറിനടുത്ത് സർക്കാർ ആസ്പത്രിക്കടുത്തെത്തിയപ്പോൾ ബൈക്ക് ആസ്പത്രിയുടെ മതിലിലിടിക്കുകയും മറിയുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ എക്സൈസ് സംഘംതന്നെയാണ് ആസ്പത്രിയിലെത്തിച്ചത്. ബൈക്കിലുണ്ടായിരുന്ന സഞ്ചിയിൽനിന്ന് 71 പായ്ക്കറ്റ് മദ്യം അധികൃതർ കണ്ടെടുത്തു. രാത്രി ഏഴുമണിയോടെ ബൈക്ക് യാത്രക്കാരൻ എക്സൈസ് വാഹനത്തെ കാണുകയും വേഗംകൂട്ടി സഞ്ചരിക്കുന്നതിനിടയിൽ ചേവാറിൽവെച്ച് വണ്ടി മറിയുകയുമായിരുന്നെന്ന് എക്സൈസ് അധികൃതർ പറയുന്നു. എക്സൈസ് സംഘം യുവാവിനെ പിന്തുടർന്നുവെന്ന പ്രചാരണം തെറ്റാണ്. അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് എക്സൈസ് പറയുന്നത്. യുവാവിന്റെ പക്കൽനിന്ന് 180 മില്ലിയുടെ 71 പായ്ക്കറ്റുകൾ ലഭിച്ചു. അതിൽ ചിലത് പൊട്ടിപ്പോയിരുന്നു.