കാസർകോട്:കർണാടകയിലെ കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് 28 മുതൽ മാർച്ച് ആറുവരെ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും രാത്രി എട്ടിന് മതപ്രഭാഷണം ഉണ്ടായിരിക്കും. 28-ന് ജുമുഅ നിസ്കാരശേഷം മഖാം സിയാറത്തും പതാക ഉയർത്തലും നടത്തും. തുടർന്ന് ഉറൂസ് ഉദ്ഘാടനവും സമൂഹവിവാഹവും നടത്തും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനംചെയ്യും. സയ്യിദ് കോയമ്മ തങ്ങൾ മാട്ടൂൽ സമൂഹവിവാഹത്തിന് കാർമികത്വം വഹിക്കും.
29-ന് രാത്രി എട്ടിന് ദിക്‌റ് ഹൽഖ ഹാഫിള് ഫള്‌ലുറഹ്‌മാൻ സഖാഫി ഉദ്ഘാടനംചെയ്യും. മാർച്ച് ഒന്നിന് മഗ്‌രിബ് നിസ്കാരാനന്തരം ഖത്തം ദുആ. അലിക്കുഞ്ഞി ഉസ്താദ് നേതൃത്വം നല്കും. രണ്ടിന് ഉച്ചയ്ക്ക് 12-ന് സാംസ്കാരിക സമ്മേളനം സയ്യിദുൾ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്യും. മൗലാനാ പേരോട് അബ്ദുൾ റഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നാലുമുതൽ ആറുവരെ അന്നദാനം നടത്തും. നാലിന് രാവിലെ 10-ന് ദുആ മജ്‌ലിസ്, അഞ്ചിന് മഗ്‌രിബ് നിസ്കരശേഷം സ്വലത്തുന്നാരിയ മജ്‌ലിസ്, ആറിന് ജുമുഅ നിസ്കാരശേഷം സമാപന സമ്മേളനം ആരംഭിക്കും. സയ്യിദ് ജലാലുദ്ദീൻ അൽ ഹാദി തങ്ങൾ ഉദ്ഘാടനംചെയ്യും. തുടർന്ന് ഹിഫ്‌ളുൽ ഖുർആൻ സനദ്‌ദാനം, തുടർന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തിൽ അഷ്‌റഫ് ജൗഹരി, പി.എ.ഇബ്രാഹിം സഅദി, എം.എ.ഹനീഫ് എന്നിവർ സംസാരിച്ചു.