ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല തട്ടിപ്പറിക്കാൻ ശ്രമിച്ചു, പരവനടുക്കം അഞ്ചങ്ങാടിയിലാണ് സംഭവം


ബൈക്കിലെത്തിയ സംഘം വനിത പ‍ഞ്ചായത്ത് അംഗത്തിന്റെ മാല പൊട്ടിക്കാൻ ശ്രമിച്ചു. എതിർക്കുകയും ബഹളം വയ്ക്കുകയും ചെയ്തതിനാൽ കവർച്ചക്കാർ ശ്രമം ഉപേക്ഷിച്ച് കടന്നു. ചെമ്മനാട് പ‍ഞ്ചായത്ത് മൂന്നാം വാർഡ് അംഗവും സിപിഐ പ്രവർത്തകയുമായ പെരുമ്പള മ‍ഞ്ചംകെടുങ്കാൽ ബളാനത്തെ മായ കരുണാകരന്റെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്.

രാവിലെ വീട്ടിൽ നിന്നു പഞ്ചായത്ത് ഓഫിസിലേക്കു പോകുന്നതിനായി അഞ്ചങ്ങാടി ബസ് സ്റ്റോപ്പിലേക്ക് മായ നടക്കുന്നതിനിടെ 10.40ന് തലത്തൂർമൂല ജംക‍്ഷനടുത്താണ് സംഭവം. പരവനടുക്കം ഭാഗത്തു നിന്നു ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയവരാണ് അക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചത്.

കറുത്ത ടീ ഷർട്ടും ജീൻസുമാണ് ബൈക്കിന്റെ പിറകിലിരുന്നയാളുടെ വേഷമെന്നും ഇയാളാണ് മാലപൊട്ടിക്കാൻ നോക്കിയതെന്നും തന്റെ ബഹളം കേട്ട് സമീപത്തെ കടയിലുണ്ടായിരുന്നവർ ഓടുന്ന ബൈക്ക് തടയാൻ ശ്രമിച്ചുവെങ്കിലും കവർച്ചക്കാർ കടന്നുകളയുകയായിരുന്നുവെന്നും മായ പറഞ്ഞു.

നാട്ടുകാർ ബൈക്കിനെ പിൻതുടർന്നുവെങ്കിലും വിദ്യാനഗർ ചാല റോഡിലേക്ക് കയറി ഇവർ‌ കടന്നുകളയുകയായിരുന്നു. ചാല, കപ്പണയടുക്കം, പെരുമ്പള എന്നിവിടങ്ങളിലെ സിസിടിവിയിൽ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതു മേൽപറമ്പ് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
أحدث أقدم
Kasaragod Today
Kasaragod Today