കാസർകോട് ∙ തനിക്കു കോവിഡ് രോഗം വന്നാൽ മറ്റാർക്കും വരരുതെന്ന വാശിയായിരുന്നു ചെങ്കള സ്വദേശിക്ക്. ഒടുവിൽ രോഗം സ്ഥിരീകരിച്ചപ്പോൾ അദ്ദേഹത്തിനു പ്രൈമറി കോണ്ടാക്ടുകൾ ആരുമില്ല, കാരണമോ അദ്ദേഹം കൈക്കൊണ്ട മുൻകരുതലുകൾ നടപടികൾ. വിമാനത്താവളത്തിൽ നിന്ന് അധികൃതരോട് നിർബന്ധിച്ച് സ്രവം എടുപ്പിക്കുകയും പിന്നീട് സ്വന്തം ചെലവിൽ ആംബുലൻസ് വിളിച്ച് നാട്ടിലെത്തുകയും ചെയ്ത അദ്ദേഹം വീട്ടിൽ കയറാതെ പുറത്തൊരു ഷെഡൊരുക്കിയാണ് താമസിച്ചത്. പിന്നീട് പരിശോധന ഫലം വന്നപ്പോഴും ഞെട്ടിയില്ല.
കോവിഡ് രോഗം സ്ഥിരീകരിച്ചെങ്കിലും താനായിട്ട് ആർക്കും രോഗം കൊടുത്തില്ലെന്നതിന്റെ ആശ്വാസമായിരുന്നു ആ മുഖത്ത്.കോവിഡ് സമൂഹവ്യാപനം എന്ന ഭീതിയിലേക്ക് കാസർകോട് ജില്ലാ കടക്കുമ്പോൾ പ്രതിരോധത്തിന്റെ മറ്റൊരു മാതൃകയായി ഈ യുവാവ്. വീട്ടിൽ നിരീക്ഷണത്തിൽ നിൽക്കാതെ നാടു നീളെ ചടങ്ങുകളിൽ പങ്കെടുത്ത് നാടിനെ ഭീതിയിലാഴ്ത്തിയ അതേ നാട്ടിൽ നിന്നാണ് പ്രതിരോധത്തിന്റെ മറ്റൊരു കഥയും പുറത്തു വരുന്നത്.നാട്ടിലേക്കു വരാൻ ടിക്കറ്റെടുക്കുമ്പോൾ രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.
18നു രാവിലെ ഇദ്ദേഹം അബുദാബിയിൽ നിന്നു തിരുവനന്തപുരത്തെത്തി. തുടർന്നു ആരോഗ്യ വകുപ്പിന്റെ പരിശോധന. വീട്ടിൽ ക്വാറന്റീനാകാൻ ആരോഗ്യ വകുപ്പിന്റെ ശുപാർശ. ഇതിനിടെ തന്റെ സ്രവം കൂടി പരിശോധനയ്ക്കെടുക്കണമെന്ന് ഇദ്ദേഹം നിർദേശിച്ചു. അഭ്യർഥനയെ തുടർന്നു ജീവനക്കാർ സ്രവമെടുത്തു. ഇവിടെ നിന്നു പൊതുവാഹനം ഉപയോഗിക്കാതെ സുഹൃത്തുക്കൾക്കൊപ്പം സ്വന്തം ചെലവിൽ ആംബുലൻസ് വിളിച്ച് വീട്ടിലെത്തുകയായിരുന്നു. വീട്ടിലേക്ക് കയറാതെ പുറത്തെ തേച്ച് മിനുക്കാത്ത ഒറ്റമുറി ഷെഡിലേക്കു താമസം മാറി. 5 നാൾ ഇവിടെ കഴിഞ്ഞു. മാതാപിതാക്കൾ, ഭാര്യ, മക്കൾ ആരെയും കാണാൻ കൂട്ടാക്കിയില്ല. ഫോണിലൂടെയായിരുന്നു വീട്ടുകാരുമായുള്ള സമ്പർക്കം. താൻ ഉപയോഗിച്ച ശുചിമുറി പോലും ആരെയും ഉപയോഗിക്കാൻ വിട്ടില്ല. ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകാൻ പോലും വീട്ടുകാരെ സമ്മതിച്ചില്ല.
ഷെഡിന്റെ പുറത്തെ വാതിൽപ്പടിയിൽ വീട്ടുകാർ ഭക്ഷണം വച്ചു മടങ്ങും. മാസ്കും ഗ്ലൗസുമായി വന്ന സന്നദ്ധ സംഘടനാ പ്രവർത്തകരെ തന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞ് തിരിച്ചയച്ചു. 22നു രാത്രിയോടെ പരിശോധനാ ഫല വന്നപ്പോൾ പോസറ്റീവാണെന്ന് അറിഞ്ഞതോടെ ആരോഗ്യവകുപ്പ് അധികൃതരെത്തി ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസലേഷനിലേക്കു മാറ്റുകയായിരുന്നു