ഫിഫ്റ്റിയടിച്ച ഷാ പൂജ്യത്തിന് ഔട്ടായിരുന്നു; ധോണി അറിഞ്ഞില്ല, അംപയറും

 ദുബായ്∙ ഐപിഎൽ 13–ാം സീസണിലെ രണ്ടാം മത്സരത്തിൽ അർധസെഞ്ചുറി തികച്ച് വരവറിയിച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസിന്റെ യുവ ഓപ്പണർ പൃഥ്വി ഷാ. കിങ്സ് ഇലവൻ പഞ്ചാബിനെതിരായ ആദ്യ മത്സരത്തിൽ നിറംമങ്ങിയെങ്കിലും, ചെന്നൈ സൂപ്പർ കിങ്സിനെതിരായ രണ്ടാം മത്സരത്തിലാണ് തകർപ്പൻ അർധസെഞ്ചുറിയുമായി പൃഥ്വി ഷാ വരവറിയിച്ചത്. 43 പന്തുകൾ നേരിട്ട ഷാ ഒൻപതു ഫോറുകളും ഒരു സിക്സും സഹിതം നേടിയത് 64 റൺസ്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് 175 റൺസ് നേടിയ ഡൽഹി ഇന്നിങ്സിൽ നിർണായകമായതും ഷായുടെ ഈ ഇന്നിങ്സാണ്. ഒടുവിൽ പിയൂഷ് ചൗളയുടെ പന്തിൽ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി മികച്ചൊരു സ്റ്റംപിങ്ങിലൂടെയാണ് ഷായെ പുറത്താക്കിയത്. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും ഷാ തന്നെ.എന്നാൽ, നേരിട്ട രണ്ടാം പന്തിൽത്തന്നെ ദീപക് ചാഹറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മഹേന്ദ്രസിങ് ധോണിക്ക് ക്യാച്ച് നൽകി പുറത്തായ താരമാണ് ഷാ! പക്ഷേ, ആരും അറിഞ്ഞില്ലെന്ന് മാത്രം. ദീപക് ചാഹറിന്റെ രണ്ടാം പന്തിൽ ഷാ എഡ്ജ് ചെയ്ത ബോൾ ധോണിയുടെ കൈകളിൽ എത്തുകയായിരുന്നു. എന്നാൽ പന്ത് ബാറ്റിൽ കൊണ്ട ശബ്ദം ധോണി കേട്ടില്ല. പന്ത് ബാറ്റിൽ ഉരസുന്നതിന്റെ ശബ്ദം കമന്റിറി ബോക്സിൽ ഇരുന്നു വ്യക്തമായി കേട്ട സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ ധോണിയും ചെന്നൈ സൂപ്പർ കിങ്സ് ടീമും അപ്പീൽ ചെയ്യാത്തതിൽ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.ദീപക് ചാഹർ ബോളിങ്ങിനു ശേഷം സംശയത്തോടെ നോക്കിയെങ്കിലും ‘തല’യ്ക്ക് കുലുക്കമുണ്ടായിരുന്നില്ല. അംപയറും ഇക്കാര്യം ശ്രദ്ധിച്ചില്ല. ബോൾ എഡ്ജ് ചെയ്ത ശേഷം സ്വാഭാവികമായി ബാറ്റ്സ്മാന്മാർ ചെയ്യാറുള്ളതു പോലെ തിരിഞ്ഞു നോക്കാതിരുന്ന പൃഥി ഷായുടെ ‘സ്മാർട്ട്നസി’നെ കമന്റേറ്റർമാർ പ്രശംസിക്കുകയും ചെയ്തു. പിന്നീട് അർധസെഞ്ചുറിയിലേക്ക് കുതിച്ച ഷാ അപ്പോൾ അക്കൗണ്ട് തുറന്നിരുന്നില്ല. ഒടുവിൽ അർധസെഞ്ചുറി പൂർത്തിയാക്കിയശേഷം 11 ഓവറിൽ ധോണിയുടെ ഉജ്വല സ്റ്റംപിങ്ങിലൂടെ പുറത്താകുകയും ചെയ്തു.പിയൂഷ് ചൗള എറിഞ്ഞ ഈ ഓവറിലെ നാലാം പന്ത് ഇറങ്ങി കളിക്കാൻ ശ്രമിച്ച ഷായെ ധോണി സ്റ്റംപ് ചെയ്യുകയായിരുന്നു. മത്സരത്തിൽ ഒരു ക്യാച്ച് കൂടി ധോണി സ്വന്തമാക്കി. മത്സരത്തിൽ ഡൽഹിയുടെ മൂന്നു ബാറ്റ്സ്മാന്മാർ മാത്രമാണ് പുറത്തായത്. 19–ാം ഓവറിൽ സാം കറൻ ഡൽഹി നായകൻ ശ്രേയ്യസ് അയ്യരെ ധോണിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. അയ്യർ എഡ്ജ് ചെയ്ത പന്ത് ധോണി ചാടിപ്പിടിച്ച് ഗ്ലൗസിനുള്ളിൽ ഒതുക്കുകയായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today