ഭര്‍തൃമതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ്‌ ചെയ്‌തു

 ബന്തടുക്ക: കാസര്‍കോട്‌ സ്വദേശിനിയായ ഭര്‍തൃമതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയെ ബന്തടുക്കയിലെ ഒളിവ്‌ കേന്ദ്രത്തില്‍ നിന്ന്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ആലക്കോട്‌, നെല്ലിപ്പാറ, കപ്പണക്കുന്നത്തന്‍ ഹൗസില്‍ ബിജോയ്‌ ജോസഫി (40)നെയാണ്‌ തളിപ്പറമ്പ്‌ ഡിവൈ എസ്‌ പി ടി കെ രത്‌നകുമാറും സംഘവും ബന്തടുക്കയില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഒരു മാസം മുമ്പാണ്‌ കേസിനാസ്‌പദമായ സംഭവം. കാര്‍ത്തികപുരത്തിനടുത്തെ ഭര്‍തൃമതിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. ഫോണ്‍വഴിയാണ്‌ ബിജോയ്‌ ജോസഫ്‌ യുവതിയെ പരിചയപ്പെട്ടത്‌.

അതിന്‌ ശേഷം വീട്ടില്‍ നിന്ന്‌ തൊട്ടടുത്ത സ്ഥലത്തേയ്‌ക്ക്‌ നടന്നുപോവുകയായിരുന്ന യുവതിയെ കാറിലെത്തിയ ബിജോയ്‌ ജോസഫും കൂട്ടു പ്രതിയായ രയരോത്തെ പ്രകാശ്‌ കുര്യനും ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോവുകയും നെല്ലിപ്പാറയിലെ ഒരു വീട്ടിലെത്തിക്കുകയും പകല്‍ മുഴുവന്‍ ബലാത്സംഗം ചെയ്യുകയും ചെയ്‌തുവെന്നാണ്‌ കേസ്‌. പ്രകാശ്‌ കുര്യനെ നേരത്തെ അറസ്റ്റ്‌ ചെയ്‌തുവെങ്കിലും ബിജോ ജോസഫ്‌ കര്‍ണ്ണാടകയിലേയ്‌ക്ക്‌ രക്ഷപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒളിവില്‍ പോയ പ്രതിയെ പൊലീസ്‌ നിരീക്ഷിച്ച്‌ വരുകയായിരുന്നു. ഇതിനിടയിലാണ്‌ പ്രതി ബന്തടുക്കയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നതായുള്ള വിവരം പൊലീസ്‌ ലഭിച്ചതും അറസ്റ്റ്‌ ചെയ്‌തതും. പ്രതിയെ രണ്ടാഴ്‌ച്ചത്തേയ്‌ക്ക്‌ റിമാന്റ്‌ ചെയ്‌ത്‌ തോട്ടടയിലെ കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തിലേയ്‌ക്ക്‌ മാറ്റി.


أحدث أقدم
Kasaragod Today
Kasaragod Today