ബദിയടുക്കയില്‍ ഇരുസംഘങ്ങള്‍ ഏറ്റുമുട്ടി; തകർക്കപ്പെട്ട കാറും നാടന്‍ തോക്കും പോലീസ് കസ്റ്റഡിയിലെടുത്തു

 ബദിയടുക്ക: ബദിയടുക്കക്ക് സമീപം ബാറഡുക്ക റോഡരികില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും തകര്‍ക്കപ്പെട്ട കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതിന് സമീപത്തായി ഒരു നാടന്‍ തോക്കും കണ്ടെത്തി. ഇന്നലെ 11 മണിയോടെയാണ് സംഭവം. ചുവന്ന നിറത്തിലുള്ള മാരുതി 800 കാറാണ് രണ്ടുഭാഗത്തേയും ഗ്ലാസ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതേസമയം അക്രമം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരാണ് രണ്ടുസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതായി പൊലീസില്‍ വിവരമറിയിച്ചത്. നെല്ലിക്കട്ടയിലേയും ബദിയടുക്കയിലേയും സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായാണ് വിവരം. കാറിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ പരവനടുക്കം സ്വദേശിയുടേതാണെന്ന് വിവരമുണ്ട്. ഊര്‍ജ്ജിതമായി അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.

തിരയില്ലാത്ത തോക്കാണ് കാറിന് സമീപത്തായി കണ്ടെത്തിയത്. ആയുധം കൈവശം വെക്കല്‍ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അടുത്ത കാലത്തായി ഈ ഭാഗത്ത് സംഘര്‍ഷം പതിവാണ്. തോക്കും കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today