ഖാസികേസ്‌: ആത്മഹത്യയ്‌ക്ക്‌ തെളിവില്ലെന്നു ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്‌

 കാസര്‍കോട്‌: സമസ്‌ത സംസ്ഥാന ഉപാധ്യക്ഷനും ചെമ്പിരിക്ക ഖാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന സി.എം.അബ്‌ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച കേസ്‌ പുതിയ വഴിത്തിരിവില്‍. കോടതി നിര്‍ദ്ദേശ പ്രകാരം ശാസ്‌ത്രീയ അന്വേഷണം നടത്തിയ പുതുച്ചേരി `ജിപ്‌മര്‍’ സംഘം ((പുതുച്ചേരി ജവഹര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ്‌ റിസര്‍ച്ച്‌) സമര്‍പ്പിച്ച റിപ്പോര്‍ട്ടോടെയാണിത്‌. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന്‌ തെളിയിക്കാവുന്ന വസ്‌തുതകളൊന്നും ഇല്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. ആത്മഹത്യയാണെന്നാണ്‌ സി.ബി.ഐ നേരത്തെ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ സി.ബി.ഐയുടെ നിഗമനം ശരിയല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്ന്‌ ആരോപിച്ചും ഖാസിയുടെ മകന്‍ മുഹമ്മദ്‌ ഷാഫി എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിന്മേലാണ്‌ അഞ്ചംഗ ഫോറന്‍സിക്‌ വിദഗ്‌ദ്ധര്‍ സൈക്കോളജിക്കല്‍ “ഓട്ടോപ്‌സി’ നടത്തി കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.ഫോറന്‍സിക്‌ സംഘം ഖാസിയുടെ വീട്ടിലും നാട്ടിലുമൊക്കെ തെളിവെടുപ്പ്‌ നടത്തിയാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ഈ റിപ്പോര്‍ട്ടിന്മേല്‍ കോടതി എന്തു നിലപാട്‌ സ്വീകരിക്കുമെന്നാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌. 2010 ഫെബ്രുവരി 15ന്‌ രാവിലെയാണ്‌ ഖാസിയുടെ മൃതദേഹം കീഴൂര്‍, കടുക്കക്കല്ല്‌ കടലില്‍ കാണപ്പെട്ടത്‌. ആദ്യം ബേക്കല്‍ പൊലീസും പിന്നീട്‌ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്‌ സിബിഐയാണ്‌ ഒടുവില്‍ അന്വേഷിച്ചിരുന്നത്‌. രണ്ടുതവണ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്‌ കോടതി തള്ളിയിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today