കാസര്‍കോട് : ബിന്‍ലാദനെയും ബാഗ്ദാദിയെയും പൂട്ടാന്‍ അമേരിക്കന്‍ സേനയെ സഹായിച്ചതിലൂടെ ഖ്യാതി നേടിയ വിഭാഗത്തിലെ കരുത്തന്‍ കാസര്‍കോട് ഡോഗ് സ്‌കോഡില്‍ പുതിയ അതിഥി. 'ബെല്‍ജിയം മെലറ്റയ്സ് ' വിഭാഗത്തില്‍പ്പെട്ട ടൈസണ്‍ ആണ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ വിഭാഗത്തില്‍പെട്ട പൊലീസ് നായ റൂണിക്ക് കൂട്ടായി ഇന്നലെ സര്‍വീസില്‍ കയറിയത്.
കൊലപാതകം, മോഷണം തുടങ്ങിയ കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ കരുത്തു തെളിയിച്ച റൂണി ആണ് ഡോഗ് സ്‌കോഡില്‍ നിലവിലുള്ളത്. കൊലയാളികളെ ഏത് മാളത്തില്‍ ഒളിച്ചാലും കണ്ടെത്തുന്ന ട്രാക്കര്‍ ഡോഗ് വിഭാഗത്തില്‍പ്പെട്ട ശക്തനാണ് ടൈസണ്‍. മിസ്സിംഗ് കേസുകളിലും അഗ്രഗണ്യരാണ് ഈ വിഭാഗം. പഞ്ചാബിലെ പൊലീസ് ബ്രീഡിംഗ് സെന്ററില്‍ നിന്ന് കേരള പൊലീസിന് ആദ്യമായി ലഭിച്ച അഞ്ച് ട്രാക്കര്‍ ഡോഗുകളില്‍ ഒന്നാണ് കാസര്‍കോട് ഡോഗ് സ്‌കോഡില്‍ എത്തിയ നവാഗതന്‍ ടൈസണ്‍.
തൃശൂരിലെ കേരള പൊലീസ് അക്കാഡമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞാണ് ടൈസണ്‍ ഇന്നലെ രാവിലെ കാസര്‍കോട് ക്യാമ്ബിലെത്തിയത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, രജിത്ത് എന്നിവരാണ് സ്‌കോഡില്‍ ടൈസന്റെ സംരക്ഷകര്‍.
ആറാമത്തെ അതിഥി
ഡോഗ് സ്‌കോഡില്‍ എത്തുന്ന ആറാമത്തെ പൊലീസ് നായയാണ് ഈ അഥിതി. റൂണിക്ക് പുറമെ ദേശീയ മെഡല്‍ ജേതാവ് ബഡ്ഡി, സംസ്ഥാന മെഡല്‍ ജേതാവ് ചാര്‍ലി, ക്യാമി നര്‍ക്കോട്ടിക് കേസുകള്‍ പിടികൂടുന്നതില്‍ വൈദഗ്ധ്യം തെളിയിച്ച ക്രിസ്റ്റീന എന്നിവരാണ് കാസര്‍കോട് ഡോഗ് സ്ക്വാഡില്‍ നിലവിലുള്ളത്. ക്യാമ്ബിലെത്തിയ ടൈസണെ ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തില്‍ സ്വാഗതം ചെയ്യുകയും ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. അഡീഷണല്‍ എസ്.പി. സേവ്യര്‍, കാസര്‍കോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായക്, ഡി എച്ച് ക്യൂ ഇന്‍സ്പെക്ടര്‍ കെ.കെ രവീന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
