രോഗബാധിതനായി അച്ഛന്‍ മരിച്ചു; അതേ സമയം തന്നെ പുഴയില്‍ മുങ്ങി മകനും

 കല്ലമ്പലം (തിരുവനന്തപുരം ) ∙ രോഗബാധിതനായി ചികിത്സയിലായിരുന്ന അച്ഛൻ മരിച്ച സമയത്തു വാമനപുരം നദിയിൽ ഒഴുക്കിൽപ്പെട്ട മകനും മരിച്ചു. കരവാരം വഞ്ചിയൂർ പട്ട്ള തുണ്ടിൽ വീട്ടിൽ മദനശേഖരൻ (63), മകൻ എം.മനീഷ്(24) എന്നിവരാണു മരിച്ചത്. ഞായർ വൈകിട്ട് 5.30 ന് പശുവിനുള്ള പുല്ലരിഞ്ഞ ശേഷം കൂട്ടുകാരുമൊത്തു കുളിക്കാൻ പോയതായിരുന്നു മനീഷ്. പട്ട്ളയിൽ വാമനപുരം നദിയുടെ ഭാഗമായ പൂണറ കടവിനു സമീപമാണ് ഇറങ്ങിയത്.


കുളിക്കുന്നതിനിടെ, കോൾ വന്നതിനെത്തുടർന്ന് മൊബൈൽ ഫോൺ എടുക്കാൻ കരയിലേക്കു നീങ്ങിയ മനീഷ് കാൽ വഴുതി കുഴിയിലേക്കു വീഴുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ തിരച്ചിൽ തുടങ്ങുമ്പോഴേക്കും മനീഷിന്റെ പിതാവ് മരിച്ചെന്ന വാർത്തയുമെത്തി. ആറ്റിങ്ങൽ ഫയർഫോഴ്സ് രാത്രി 8 വരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.


ഇന്നലെ രാവിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണു പനവേലി കടവിൽ മൃതദേഹം കണ്ടെത്തിയത്. ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി അംഗമാണ്. തങ്കമണിയാണു മദനശേഖരന്റെ ഭാര്യ. മറ്റു മക്കൾ: മനോജ്, മഹേഷ്. മദനശേഖരന്റെ സംസ്കാരം നടത്തി. മനീഷിന്റെ സംസ്കാരം ഇന്ന്.


أحدث أقدم
Kasaragod Today
Kasaragod Today