എസ്.ഡി.പി.ഐ ഉള്‍പ്പെട്ട 'പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക്' മുന്നണിയില്‍ നിന്ന് പിന്മാറണമെന്നും അസംബ്ലി തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് മുന്നണിക്ക് പിന്തുണ നല്‍കണമെന്നുമാവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അയച്ച കത്തിന് അക്കമിട്ട മറുപടിയുമായി പാര്‍ട്ടി ബിഹാര്‍ സംസ്ഥാന നേതൃത്വം. നിര്‍ദേശപ്രകാരം മുന്നണിയില്‍ നിന്ന് പിന്മാറിയെന്നും എന്നാല്‍, സംസ്ഥാനത്തെ അണികള്‍ക്കിടയില്‍ സംജാതമായ അനിശ്ചിതാവസ്ഥക്ക് കേന്ദ്ര നേതൃത്വം തന്നെ പരിഹാരം നിശ്ചയിക്കണമെന്നും സംസ്ഥാന പ്രസിഡണ്ട് എസ്. നയീം അഖ്തര്‍ അയച്ച മറുപടിക്കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ വര്‍ഷങ്ങളായി ലക്ഷങ്ങള്‍ ചെലവിട്ട് പ്രവര്‍ത്തനം നടത്തുന്നവര്‍ പട്‌നയിലെത്തി തങ്ങളെ കൈകാര്യം ചെയ്‌തേക്കുമെന്ന ആശങ്കയും അഖ്തര്‍ കത്തില്‍ പങ്കുവെക്കുന്നു.
2018-ല്‍ ബിഹാര്‍ സന്ദര്‍ശിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള ലീഗ് ഉന്നത നേതൃത്വത്തിന് സ്വീകരണമൊരുക്കിയ പാര്‍ട്ടി കിഷന്‍ഗഞ്ച് ജില്ലാ പ്രസിഡണ്ടും അണികളും എസ്.ഡി.പി.ഐയില്‍ ചേര്‍ന്നതായി വിവരമുണ്ടെന്നും കത്തിലുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ലെറ്റര്‍ഹെഡ്ഡില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് വെച്ചെഴുതിയ കത്തിന്റെ പകര്‍പ്പ് ദേശീയ പ്രസിഡണ്ട് കെ.എം ഖാദര്‍ മൊയ്തീന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി ലോക് താന്ത്രിക്, ചന്ദ്രശേഖര്‍ ആസാദ് രാവണിന്റെ ആസാദ് സമാജ് പാര്‍ട്ടി, പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ ആഘഡി (വി.ബി.എ) എസ്.ഡി.പി.ഐ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് അലയന്‍സില്‍ ചേരാന്‍ മുസ്ലിം ലീഗ് ബിഹാര്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചതാണ് ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളുടെ തുടക്കം. അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളണമെന്ന ആവശ്യത്തോട് ദേശീയ നേതൃത്വം പ്രതികരിക്കാതിരുന്നതോടെയാണ് നയീം അഖ്തറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ ഘടകം എസ്.ഡി.പി.ഐ ഉള്‍പ്പെട്ട മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചത്. സംസ്ഥാന ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ദലിത്, പിന്നാക്ക, മുസ്ലിം വോട്ട്ബാങ്ക് ലക്ഷ്യമിട്ട് രൂപീകൃതമായ മുന്നണി ചില സീറ്റുകളില്‍ മത്സരിക്കാന്‍ ലീഗിന് അവസരം നല്‍കുമെന്ന സൂചനയുണ്ടായിരുന്നു.
തീരുമാനം പരസ്യമായതിനുപിന്നാലെ, മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് - ആര്‍.ജെ.ഡി മുന്നണിയെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു. 'ബിഹാറില്‍ മതേതര ജനാധിപത്യ സര്‍ക്കാറിനെ കൊണ്ടുവരിക എന്നതാണ് പ്രധാനപ്പെട്ട വിഷയം. കോണ്‍ഗ്രസ്-ആര്‍.ജെ.ഡി മഹാസഖ്യത്തിനു പിന്നില്‍ മുസ്ലിം ലീഗ് അണിനിരക്കണമെന്നാണ് ദേശീയ നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്. വോട്ടുകളും ഊര്‍ജവും പാഴായിപ്പോകുന്നതിനു പകരം വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ ഇത് സഹായകമാവും. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി നേതൃത്വവുമായി സംസാരിച്ച ലീഗ് നേതൃത്വം നിരുപാധിക പിന്തുണ അറിയിച്ചിട്ടുണ്ട്.' - ഒക്ടോബര്‍ ഒമ്ബതിന് കുഞ്ഞാലിക്കുട്ടി നയീം അഖ്തറിന് അയച്ച കത്തില്‍ പറയുന്നു. സഖ്യത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സംസ്ഥാനത്തെ നേതാക്കളോട് ടെലിഫോണിലൂടെ അറിയിച്ചതായും വിവരമുണ്ട്.ഇതിനു മറുപടിയായി ആറ് കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞുകൊണ്ടുള്ള കത്താണ് നയീം അഖ്തര്‍ കുഞ്ഞാലിക്കുട്ടിക്ക് അയച്ചിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനു പിന്നാലെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നുവെന്നും അതിനുശേഷം പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചെന്നും വ്യക്തമാക്കിയാണ് കത്ത് തുടങ്ങുന്നത്.
നയീം അഖ്തറിന്റെ കത്തിലെ പ്രസക്ത ഭാഗങ്ങള്‍
'1. അങ്ങയുടെ ഉപേദശപ്രകാരം, എസ്.ഡി.പി.ഐയോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയും അക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
2. ബിഹാറിലെ മുസ്ലിം ലീഗിനെ രക്ഷിക്കാനും പാര്‍ട്ടിക്കുവേണ്ടി ആത്മാര്‍പ്പണം ചെയ്ത പ്രവര്‍ത്തകരെ മാനിക്കാനും വേണ്ടി, ചില സീറ്റുകളില്‍ മത്സരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദം നല്‍കണം.
3. അങ്ങയുടെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസും ആര്‍.ജെ.ഡിയുമടങ്ങുന്ന മഹാസഖ്യത്തെ പിന്തുണക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് മത്സരിക്കാന്‍ അനുവദിക്കുന്ന സീറ്റുകള്‍ ഒഴികെയുള്ള എല്ലാ സീറ്റിലും സഖ്യത്തിന് പിന്തുണ നല്‍കാം.
4. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടി അണികള്‍ നിരാശരാണ്. പലരും മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുകയാണ്. ബിഹാറിലെ പാര്‍ട്ടിയെ രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ദേശീയ നേതൃത്വം കൈക്കൊള്ളണം.
5. 2018-ല്‍ ഇ.ടി മുഹമ്മദ് ബഷീര്‍, തങ്ങള്‍, ബാവ ഹാജി, സി.കെ സുബൈര്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ക്ക് സ്വീകരണമൊരുക്കിയ പാര്‍ട്ടിയുടെ കിഷന്‍ഗഞ്ച് ജില്ലാ പ്രസിഡണ്ടും അണികളും എസ്.ഡി.പി.ഐയില്‍ ചേര്‍ന്നതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരമുണ്ട്. കിഷന്‍ഗഞ്ചില്‍ എസ്.ഡി.പി.ഐ അദ്ദേഹത്തിന് ടിക്കറ്റ് നല്‍കാന്‍ വലിയ സാധ്യതയുണ്ട്. കേരളത്തിലെ അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം ലീഗിനെതിരെ പ്രവര്‍ത്തിക്കാനും ഇടയുണ്ട്.
6. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ വര്‍ഷങ്ങളായി അടിത്തട്ടില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രവര്‍ത്തിച്ചു വരുന്നവരുടെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാത്ത ദുര്‍ഘടാവസ്ഥയാണ് ഇപ്പോഴുള്ളത്. ചെലവായ പണം അവര്‍ തീര്‍ച്ചയായും ഞങ്ങളോട് ചോദിക്കും. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്ക് ഉപദേശം നല്‍കുക. അവര്‍ പട്‌നയിലെത്തി ഞങ്ങളെ കൈകാര്യം ചെയ്‌തേക്കുമോ എന്ന ഭയമുണ്ട്.'മുസ്ലിം ലീഗ് ബിഹാര്‍ ഘടകം തുടക്കംമുതല്‍ക്കേ അവഗണനയാണ് നേരിടുന്നതെന്നും ഭാവിയെപ്പറ്റി പ്രതീക്ഷ നശിച്ച അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും വ്യക്തമാക്കിയാണ് നയീം അഖ്തര്‍ കത്ത് അവസാനിപ്പിക്കുന്നത്.
