ബേവിഞ്ച വെടിവയ്പ് കേസിൽ രവി പൂജാരിയെ പ്രതി ചേർത്ത് കാസർകോട് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു ഈ കേസിൽ നേരത്തെകാസർകോട് ഡിവൈഎസ്പി അറസ്റ്റ്ചെയ്തിരുന്ന മനീഷ് ഷെട്ടി കൊല്ലപ്പെട്ടിരുന്നു

 കാസർകോട് ∙ ബേവിഞ്ച വെടിവയ്പ് കേസിൽ അധോലോക നായകൻ രവി പൂജാരിയെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്  ഉത്തരമേഖലാ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) കാസർകോട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ക്രൈം ബ്രാഞ്ച് പുനരന്വേഷണത്തിലാണ് രവി പൂജാരിയെ പ്രതി ചേർക്കുന്നത്.


2008ലും 2013ലുമാണ് പണം ആവശ്യപ്പെട്ട് കാസർകോട് ബേവിഞ്ചയിലെ കരാറുകാരൻ എം. ടി.മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ ഒരു സംഘം വെടിവയ്പ് നടത്തിയത്. ഇതിൽ 2008 ൽ നടന്ന വെടിവയ്പ് കേസിലാണ് രവി പൂജാരി പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്. കേസിൽ  ലോക്കൽ പൊലീസ് നേരത്തേ 8 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കൂടുതൽ പ്രതികൾ ഇല്ലെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.സിഐ സി.എ.  അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ പുനരന്വേഷണം നടത്തി രവി പൂജാരിയെകൂടി പ്രതിപ്പട്ടികയിൽ പെടുത്തിയത്. ആഫ്രിക്കയിലെ സെനഗലിൽ നിന്നു  മുഹമ്മദ് കുഞ്ഞിയുടെ മൊബൈൽ ഫോണിലേക്ക് വന്ന ഫോൺകോളാണ് പ്രധാന തെളിവായത്. വെടിവയ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് പണം ആവശ്യപ്പെട്ട് രവി പൂജാരി മുഹമ്മദ് കുഞ്ഞിയെ വിളിച്ചത്.


പണം കൊടുത്തുവിടണമെന്നും ഇല്ലെങ്കിൽ ആപത്ത് ഉണ്ടാകുമെന്നായിരുന്നു ഫോണിലൂടെ ഭീഷണി.  പണം നൽകാൻ വിസമ്മതിച്ചതിനാൽ വെടിവയ്പ് നടത്തി സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന വീടിന്റെ വരാന്തയിൽ നിന്ന് രവി പൂജാരി എന്ന് എഴുതിയ കടലാസ് തുണ്ടും കണ്ടെത്തിയിരുന്നു. നിലവിൽ ബെംഗളൂരുവിലെ ജയിലിലുള്ള രവി പൂജാരിയെ അന്വേഷണ സംഘം അവിടെ എത്തി അറസ്റ്റ് രേഖപ്പെടുത്തും.


ഈ കേസിൽ 2015ൽ മനീഷ് ഷെട്ടിയെ അന്നത്തെ കാസർകോട് ഡിവൈഎസ്പി. ആയിരുന്ന ടി.പി. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ബെംഗളൂരുവിൽ കൊല്ലപ്പെട്ടു. ബേവിഞ്ച വെടിവയ്പ് കേസിൽ 8പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ തച്ചങ്കരി ബെംഗളൂരുവിൽ എത്തി ചോദ്യം ചെയ്തപ്പോൾ രവി പൂജാരിയിൽ നിന്ന് സുപ്രധാന മൊഴികൾ ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.


أحدث أقدم
Kasaragod Today
Kasaragod Today