കാസർഗോട്ടെ ചന്ദനക്കടത്ത്: ലോറിക്കുള്ളിൽ പ്രത്യേക അറ, ഏജൻ്റുമാർ നിരവധി, കിലോയ്ക്ക് 2000 മുതൽ 3000 വരെ

 കാസർകോട് ∙ മലബാറിലെ ചന്ദനക്കടത്ത് സംഘത്തിന്റെ തലവനാണ് തായൽ നായന്മാർമൂലയിലെ അബ്ദുൽഖാദറെന്ന് വനം വകുപ്പ് അധികൃതർ. കർണാടക സുള്ള്യ, കൊട്ടിയൂർ, കണ്ണവം മുതൽ വയനാട് വരെയുള്ള വനമേഖലകളിൽ നിന്ന് ചന്ദനം വെട്ടി സംഘത്തലവന് എത്തിക്കുന്നതിന് ഏജന്റുമാർ ഏറെയുണ്ട്.  അവർ എത്തിക്കുന്ന തടികൾ ചന്ദനമുട്ടികളാക്കി മൊത്തക്കച്ചവടം നടത്തുന്നയാളാണ് അബ്ദുൽഖാദർ. ചന്ദന മരത്തിന്റെ കാതൽ നോക്കിയാണ് വില നിശ്ചയിക്കുന്നത്. കിലോയ്ക്ക് 2000 മുതൽ 3000 രൂപവരെയാണ് ചെറുമോഷ്ടാക്കൾക്ക് നൽകിയിരിക്കുന്നത്.ബൈക്കുകളിലും ചെറുകിട വാഹനങ്ങളിലും സംശയം തോന്നാത്ത രീതിയിലാണ് മൊത്തവിതരണക്കാരനു ചന്ദന മുട്ടികൾ എത്തിച്ചിരുന്നത്. ഇയാൾക്ക് ഇടുക്കിയിലെ കാന്തല്ലൂരിലും കൊട്ടിയൂരിലും സമാന രീതിയിലുള്ള കേസുകളുണ്ടെന്നും വനം വകുപ്പ് പറയുന്നു. ഏറെക്കാലം വിദേശത്തായിരുന്നു ഇയാൾ നാട്ടിലെത്തിയ ശേഷമാണ് ചന്ദനക്കടത്തിലേക്കു കടന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.


ഒരു മാസം മുൻപ് കണ്ണൂരിൽ നിന്നു ഫ്ലയിങ് സ്ക്വാഡ് 100 കിലോ ചന്ദന മുട്ടികളുമായി ഒരാളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ കാസർകോട് വിദ്യാനഗറിലെ വി.അബ്ദുൽ ഖാദറിനു നൽകാനുള്ളതാണെന്നു പ്രതി മൊഴി നൽകിയിരുന്നു. അന്നു മുതൽ ഇയാളെ വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നു റേഞ്ച് ഓഫിസർ എൻ.അനിൽകുമാർ പറഞ്ഞു. ഇവരെത്തേടി പലപ്പോഴായി വീടിന്റെ പരിസരങ്ങളിൽ എത്തിയിരുന്നുവെങ്കിലും തെളിവുകൾ ഇല്ലാത്തതിനാൽ പരിശോധന നടത്തിയില്ല.ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ പി.കെ.അനുപ്കുമാർ, റേഞ്ച് ഫോറസ്റ്റ്  ഓഫിസർ എൻ.അനിൽകുമാർ എന്നിവരോടൊപ്പം സ്പെഷൽ ഡ്യൂട്ടി സെക്‌ഷൻ ഓഫിസർ കെ.എം.രമേശൻ, സെക്‌ഷൻ ഓഫിസർമാരായ ഒ.സുരേന്ദ്രൻ, കെ.ജയകുമാരൻ, എൻ.വി.സത്യൻ, ഫ്ലയിങ് ബീറ്റ് ഓഫിസർമാരായ കെ.രാജു, കെ.ശ്രീധരൻ, എം.രാജേഷ്, വാച്ചർ കെ.അജിത്ത്, ഡ്രൈവർമാരായ കെ.രാഗുൽ, എം.പ്രദീപ് എന്നിവരാണു ചന്ദന മുട്ടികളും വാഹനങ്ങളും കസ്റ്റഡിയിലെടുത്തത്.


أحدث أقدم
Kasaragod Today
Kasaragod Today