കാസർകോട്ടെ രഹസ്യകേന്ദ്രത്തിലെ ചന്ദനക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍ കര്‍ണാടക സ്വദേശി

 കാസര്‍കോട്: ജില്ലാകളക്ടറുടെയും പൊലീസ് ചീഫിന്റെയും വസതിക്ക് സമീപത്തെ രഹസ്യകേന്ദ്രത്തില്‍ നിന്ന് ചന്ദനമുട്ടികള്‍ കടത്താന്‍ ശ്രമിച്ച കേസിലെ സൂത്രധാരന്‍ കര്‍ണാടക തുംകൂര്‍ സ്വദേശിയാണെന്ന് വനംവകുപ്പിന് സൂചന ലഭിച്ചു. കളക്ടറുടെ ഗണ്‍മാന്‍ ദിലീഷ്‌കുമാറും ഡ്രൈവര്‍ ശ്രീജിത്തും ചന്ദനമുട്ടികള്‍ പരിശോധിക്കുന്നതിനിടെ രക്ഷപെട്ട നാലുപേരില്‍ ഒരാള്‍ കര്‍ണാടക സ്വദേശിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.


വീട്ടുടമ അബ്ദുല്‍ ഖാദര്‍, മകന്‍ അര്‍ഷാദ്, ലോറി ഡ്രൈവര്‍ എന്നിവരാണ് രക്ഷപെട്ട മറ്റുള്ളവര്‍. തുംകൂര്‍ സ്വദേശിക്കും അര്‍ഷാദിനുമാണ് ചന്ദനമുട്ടികള്‍ ആന്ധ്രയിലെത്തിക്കുന്നതിനുള്ള ചുമതല. തുംകൂര്‍ സ്വദേശി ആന്ധ്രയിലെയും കര്‍ണാടകത്തിലെയും ചന്ദന മാഫിയയിലെ പ്രധാനിയാണ്.


കാസര്‍കോട്ടെത്തി കച്ചവടം ഉറപ്പിച്ചശേഷം പോത്തിനെ കൊണ്ടുപോകുന്നുവെന്ന വ്യാജേന ക്യാബിന് സമീപം നിര്‍മ്മിച്ച പ്രത്യേക അറയില്‍ ചാക്കുകെട്ടുകള്‍ കടത്താനായിരുന്നു പദ്ധതി.


കാസര്‍കോട് ഡി.എഫ്.ഒ അനൂപ് കുമാര്‍ തുംകൂര്‍ ഡി.എഫ്.ഒ ഗിരീഷിന് വിവരങ്ങള്‍ കൈമാറി. ഇതേത്തുടര്‍ന്ന് കര്‍ണാടകയിലും തുംകൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടങ്ങി. പിടികൂടിയ ചന്ദനം കാസര്‍കോട് നിന്നുള്ളതല്ലെന്നാണ് വനംവകുപ്പ് പറയുന്നത്. മോഷ്ടിച്ച ചന്ദനം മുട്ടികളായി സൂക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ കാസര്‍കോട്‌ ഫോറസ്റ്റ്‌ റേഞ്ച് ഓഫീസര്‍ അനില്‍കുമാറാണ്‌ കേസന്വേഷിക്കുന്നത്.


أحدث أقدم
Kasaragod Today
Kasaragod Today