മാദ്ധ്യമപ്രവര്‍ത്തകനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാര്‍ത്തകള്‍ പിടികൂടാനേല്‍പ്പിച്ച്‌ സര്‍ക്കാര്‍, നേരത്തെ പാലത്തായി കേസിലും പ്രതിക്കനുകൂലമായ നിലപാടും വിവാദമായിരുന്നു

 തിരുവനന്തപുരം : അര്‍ദ്ധരാത്രി പെണ്‍സുഹൃത്തിനൊപ്പം അമിത വേഗതയില്‍ കാറോടിച്ച്‌ മാദ്ധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ വിവാദ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്ന പി ആര്‍ ഡി യുടെ ഫാക്‌ട് ചെക്ക് ഡിവിഷനിലേക്ക് നാമനിര്‍ദേശം ചെയ്ത് ആരോഗ്യ വകുപ്പ്. മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച്‌ കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്റെ ചുമതലയിലേക്കാണ് മുഖ്യമായും ശ്രീറാമിനെ നിയോഗിച്ചിരിക്കുന്നത്.


കൊവിഡ് പ്രതിരോധത്തിനുള്ള സര്‍ക്കാരിന്റെ വിവിധ ഇടപെടലുകള്‍ വിവാദമാവുകയും, തലസ്ഥാനത്ത് പോലും രോഗം നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ നിരവധി പാളിച്ചകള്‍ ഭരണകൂടത്തിന് സംഭവിക്കുകയും ചെയ്തിരുന്നു.


കൊവിഡ് വ്യാപനം രൂക്ഷമാകുന്ന വേളയിലാണ് രോഗ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥനെ വ്യാജവാര്‍ത്തകളെ തടയുന്നതിനുള്ള ഫാക്‌ട് ചെക്ക് ഡിവിഷനിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. മാദ്ധ്യമപ്രവര്‍ത്തകനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കോടതി നടപടികളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്ന ശ്രീറാം ഈ കേസില്‍ മൂന്നുതവണ കോടതി നോട്ടീസ് നല്‍കിയിട്ടും ഹാജരായിരുന്നില്ല.


കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് രോഗ നിയന്ത്രണ കാലയളവിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ജൂണോടെ പി ആര്‍ ഡി യില്‍ ഫാക്‌ട് ചെക്ക് ഡിവിഷന്‍ രൂപവത്കരിച്ചത്. എന്നാല്‍ ക്രമേണ കൊവിഡിന് പുറത്തുള്ള വിഷയങ്ങളിലും, മുഖ്യധാരാ മാദ്ധ്യമങ്ങളുടെ വാര്‍ത്തകളിലും ഈ വിഭാഗം കൈകടത്താന്‍ തുനിഞ്ഞിരുന്നു. സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ വ്യാജം എന്ന് മുദ്ര കുത്താനായിരുന്നു ശ്രമം. എന്നാല്‍ പ്രമുഖ മാദ്ധ്യമത്തിന്റെ വാര്‍ത്തയെ വ്യാജനെന്ന് മുദ്രകുത്തിയതില്‍ പിഴവ് സംഭവിച്ചതോടെ സമൂഹ മാദ്ധ്യമങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുകയാണ് നിലവില്‍ ഫാക്‌ട് ചെക്ക് വിഭാഗം. പി ആര്‍ ഡി സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ പൊലീസ്, ഐ ടി., ആരോഗ്യം, റവന്യൂ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അംഗങ്ങളാക്കിയിരുന്നു. രണ്ട് മാദ്ധ്യമ എഡിറ്റര്‍മാരെയും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുമെന്നായിരുന്നു രൂപീകരണ വേളയിലെ പ്രഖ്യാപനം. സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍, ഫാക്‌ട് ചെക്കിങ് വിദഗ്ധന്‍, സൈബര്‍ ഡോം, ഫൊറന്‍സിക് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍, സിഡിറ്റ് വെബ് വിഭാഗം ഉദ്യോഗസ്ഥന്‍ തുടങ്ങിയവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.


أحدث أقدم
Kasaragod Today
Kasaragod Today