ബോവിക്കാനം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറുപ്പിനെ ബാധിക്കുന്നതും മുന്നണി മര്യാദകൾ ലംഘിക്കുന്നതുമായ നടപടികളാണ് മുളിയാർ പഞ്ചായത്തിൽ സി.പി.ഐ. സ്വീകരിക്കുന്നതെന്ന് സി.പി.എം. മുളിയാർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. എൽ.ഡി.എഫ്. ജില്ലാ നേതൃത്വത്തിൽ ഉണ്ടാക്കിയ ധാരണകളെ മറികടന്ന് മുളിയാർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ നാമനിർദേശ പത്രിക സമർപ്പിച്ചയാൾക്ക് സി.പി.ഐ. ജില്ലാ കമ്മിറ്റി ചിഹ്നം അനുവദിച്ച് കത്ത് നൽകിയത് മുന്നണി മര്യാദക്ക് യോജിക്കുന്നതല്ല.ഒന്നാം വാർഡിൽ സി.പി.എം. സ്ഥാനാർഥികളാണ് തുടർച്ചയായി മത്സരിക്കുന്നത്.
മുസ്ലിം ലീഗിനെ സഹായിക്കുന്നതിനുവേണ്ടി സമീപകാലത്ത് സി.പി.ഐ.യിലേക്ക് വന്ന ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് സി.പി.ഐ. ജില്ലാ നേതൃത്വം നിന്നുകൊടുക്കുന്നത് ശരിയായ നടപടിയല്ല. മുളിയാർ പഞ്ചായത്ത് എൽ.ഡി.എഫ്. കൺവെൻഷനിൽ സി.പി.ഐ. നേതാവ് കുഞ്ഞിരാമന്റെ അധ്യക്ഷതയിലാണ് പഞ്ചായത്തിലെ 15 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചത്. സ്ഥാനാർഥി പ്രഖ്യാപനത്തിൽ വ്യത്യസ്ത അഭിപ്രായം പറയാതിരുന്ന സി.പി.ഐ. നേതാക്കൾ ഒന്നാം വാർഡിൽ സ്ഥാനാർഥികളുടെ ചിഹ്നം അനുവദിച്ച് മണ്ഡലം സെക്രട്ടറി തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും ചെയ്തത് മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ല. നടപടി സി.പി.ഐ. നേതൃത്വം ഇടപെട്ട് മരവിപ്പിക്കണമെന്ന് എൽ.ഡി.എഫ്. മുളിയാർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
