'ജനാലയിലൂടെ നോക്കുമ്പോള്‍ ഫര്‍മീന കഴുത്തു മുറിക്കുന്നു'; 4 മക്കളെ അമ്മ കഴുത്തറുത്തു കൊന്നു

 ഗുരുഗ്രാം∙ ഹരിയാനയിലെ ഗുരുഗ്രാമില്‍ എട്ടു മാസത്തിനും ഏഴു വയസിനും ഇടയില്‍ പ്രായമുള്ള നാല് സഹോദരിമാരെ അമ്മ കഴുത്തറുത്തു കൊന്നു. പിന്നീട് അതേ കത്തികൊണ്ട് സ്വന്തം കഴുത്തറുത്തു ജീവനൊടുക്കാന്‍ ശ്രമിച്ച കുട്ടികളുടെ അമ്മ ഫര്‍മീന (35) ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്നു പൊലീസ് പറഞ്ഞു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കുട്ടികളുടെ കരച്ചില്‍ തൊട്ടടുത്തുള്ള വീട്ടിലെ ആളുകള്‍ പോലും കേട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

മെക്കാനിക്കായ ഭര്‍ത്താവ് ഖുര്‍ഷിദ് അഹമ്മദിനൊപ്പമാണ് ഫര്‍മീന താമസിക്കുന്നത്. ആദ്യഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ ശേഷം 2012ലാണ് ഖുര്‍ഷിനൊപ്പം ജീവിതം ആരംഭിച്ചത്. മുഷ്‌കാന്‍ (7), മിസ്‌കിന (5), അലിഫ (3), എട്ടു മാസം പ്രായമുള്ള പേരിടാത്ത കുട്ടി എന്നിങ്ങനെ നാലു പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. സന്തോഷകരമായ കുടുംബജീവിതമായിരുന്നു ഇവരുടേതെന്നു ഗ്രാമവാസികള്‍ പറയുന്നു. 



വെള്ളിയാഴ്ച റോഡപകടത്തില്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ മുന്നു പേര്‍ മരിച്ചിരുന്നു. ഗ്രാമവാസികള്‍ ഇവരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനിടെയാണ് ഫര്‍മീന കുട്ടികളെ കൊന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഖുര്‍ഷിദും മരണവീട്ടിലേക്കു പോയി. ആ സമയത്ത് ഫര്‍മീനയും മക്കളും മാത്രമായിരുന്നു വീട്ടില്‍. ഖുര്‍ഷിദ് മടങ്ങിയെത്തി വാതിലില്‍ മുട്ടിയെങ്കിലും ആരും തുറന്നില്ല. ജനാലയിലൂടെ ഉള്ളിലേക്കു നോക്കിയപ്പോള്‍ ഫര്‍മീന കത്തികൊണ്ടു സ്വന്തം കഴുത്തു മുറിക്കാന്‍ ശ്രമിക്കുന്നതാണു കണ്ടതെന്ന് ഖുര്‍ഷിദ് പറഞ്ഞു. 


ഖുര്‍ഷിദ് അലറിക്കരയുന്നതു കേട്ട് അയല്‍വാസികളും ബന്ധുക്കളും ഓടിയെത്തി. കതക് തകര്‍ത്ത് വീട്ടില്‍ കടന്നപ്പോഴാണ് രണ്ടു കട്ടിലില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടികളെ കണ്ടെത്തിയത്. ഉടന്‍ തന്നെ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടികള്‍ മരിച്ചിരുന്നുവെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഫര്‍മീന ഗുരുതരവാസ്ഥയിലാണ്. 


എന്തിനാണ് ഫര്‍മീന കുഞ്ഞുങ്ങളെ കൊന്നതെന്നു വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മൊഴി എടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു. ഖുര്‍ഷിദിന്റെ പരാതിയില്‍ ഫര്‍മീനയ്‌ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു


أحدث أقدم
Kasaragod Today
Kasaragod Today