കാസർകോട് :രണ്ടാംഘട്ടത്തിൽ കാസർകോട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുഴൽ വഴി പാചകവാതകമെത്തും. മൂന്നാം ഘട്ടത്തിൽ കുഴൽ നീലേശ്വരം, ചെറുവത്തൂർ ഭാഗങ്ങളിലെത്തിക്കാനാണ് അധികൃതർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നിലവിൽ സിലിൻഡർ പാചകവാതകം ഉപയോഗിക്കുന്നവരിൽ 80 ശതമാനവും സിറ്റി ഗ്യാസിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവായുള്ള പൈപ്പിൽനിന്ന് വീടുകളുടെ അടുക്കളയിലേക്കുള്ള കണക്ഷൻ 15 മീറ്റർ വരെ സൗജന്യമായി നൽകും. നിലവിൽ പാചകവാതകത്തിനായി ഉപയോഗിക്കുന്നതിൽ 10 മുതൽ 15 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉപയോഗിച്ച വാതകത്തിനുമാത്രം ബിൽ നൽകിയാൽ മതിയെന്നതാണ് മറ്റൊരു പ്രത്യേകത.
ഒരുമീറ്റർ ആഴത്തിൽ കുഴലിടും
ഭൂമിയുടെ തറനിരപ്പിൽനിന്ന് ഒരുമീറ്റർ ആഴത്തിലാണ് പൈപ്പ് സ്ഥാപിക്കുക. കുഴലിനുമുകളിൽ അരമീറ്റർ ആഴത്തിൽ കുഴൽ സംബന്ധിച്ചുള്ള സൂചനയുമായി അറിയിപ്പ് സ്ഥാപിക്കും. ഓരോ 100 മീറ്ററിലും അത് സംബന്ധിച്ചുള്ള സൂചനകൾ ഇടും. പൊതുമരാമത്ത്, കെ.എസ്.ഇ.ബി., റെയിൽവേ, ബി.എസ്.എൻ.എൽ. വകുപ്പുകൾക്കെല്ലാം ജില്ലയിലെ കുഴൽശൃംഖലയുടെ വിവരങ്ങൾ കൈമാറും. മണ്ണുമാന്തിയന്ത്രങ്ങളുടെ ഉടമകൾക്കും അറിയിപ്പ് നൽകും.
ഏറ്റവും സുരക്ഷിതമാണെന്നാണ് സിറ്റി ഗ്യാസ് അധികൃതർ അവകാശപ്പെടുന്നത്. സാധാരണഗതിയിൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത തീരെയില്ലെന്ന് അവർ പറയുന്നു. കുഴലിൽനിന്ന് ചോർന്ന് വാതകം കത്തുകയാണെങ്കിൽ സാധാരണ തിരി കത്തുന്നതുപോലെ മാത്രമായിരിക്കുമെന്നും അവർ പറയുന്നു.
എൽ.പി.ജി.യെക്കാൾ വിലക്കുറവും 24 മണിക്കൂർ ലഭ്യതയുമാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ നേട്ടം. ആധുനിക സാങ്കേതിക വിദ്യയിലായതിനാൽ അപകടം കുറയ്ക്കാനും കഴിയും. ആധുനിക ഫ്ളാറ്റ് സമുച്ചയങ്ങളിൽ നിർമാണഘട്ടത്തിൽത്തന്നെ ഗ്യാസ് കുഴൽ ഘടിപ്പിക്കുന്നതിനുള്ള സജ്ജീകരണമൊരുക്കുന്നുണ്ട്.
സുരക്ഷിതം
എൽ.പി.ജി.യെക്കാൾ സുരക്ഷിതമാണ് പ്രകൃതിവാതകം
എൽ.പി.ജി.ക്ക് സാന്ദ്രത കൂടുതലായതിനാൽ ചോർച്ചയുണ്ടായ സ്ഥലത്ത് തങ്ങിനിന്ന് അപകടമുണ്ടാക്കും.
ഗെയിൽ പൈപ്പ് ലൈനിലൂടെ കടന്നുപോകുന്ന പ്രകൃതിവാതകം ഗ്യാസ് ടെർമിനലിലൂടെ മർദം കുറച്ചാണ് സിറ്റി ഗ്യാസിന്റെ പ്രധാന കുഴലിലേക്ക് കടത്തിവിടുന്നത്.
ഡിസ്ട്രിക്ട് റഗുലേറ്റിങ് സ്റ്റേഷൻ എന്ന ഉപകരണം സ്ഥാപിച്ച് മർദം വീണ്ടും കുറച്ചാണ് വീടുകളിലേക്കും മറ്റുമെത്തുന്ന ശാഖാ കുഴലുകളിലേക്ക് കടത്തിവിടുന്നത്.
വീടിന്റെ ഗേറ്റിലെത്തുമ്പോൾ 110 മില്ലിബാർ മർദമേ ഉണ്ടാവുകയുള്ളൂ.
അടുക്കളയിൽ വാതകമെത്തുമ്പോൾ അത് 21 മില്ലിബാറായി കുറയും. (എൽ.പി.ജി. സിലിൻഡറിലെ മർദം 17.5 ബാറാണ്)
വീടുകൾക്ക് പുറത്ത് ചുമരിലാണ് റഗുലേറ്റർ സ്ഥാപിക്കുക.
കാഞ്ഞങ്ങാട് നഗരസഭയിലും അജാനൂർ പഞ്ചായത്തിലും തുടങ്ങി ജില്ലയിലുടനീളം ശൃംഖല വ്യാപിപ്പിക്കാൻ സിറ്റി ഗ്യാസ്. 2021 മാർച്ചോടെ ആയിരത്തിലധികം കണക്ഷനുകൾ നൽകാനുള്ള പദ്ധതിയാണ്
അമ്പലത്തറ കോട്ടപ്പാറയിൽ കേന്ദ്രീകരിച്ചാണ് സിറ്റി ഗ്യാസ് പ്രവർത്തിക്കുക. അവിടത്തെ ഗെയിലിന്റെ വാൽവ് സ്റ്റേഷനിൽ നിന്നാണ് ആദ്യ കണക്ഷൻ. തുടർന്ന് പാണത്തൂരിലേക്കുള്ള സംസ്ഥാന പാതവഴി കുഴൽ ദേശീയപാതയിൽ മാവുങ്കാലിലെത്തും. അവിടെനിന്ന് മൂലക്കണ്ടം വഴി മഡിയനിൽ കാഞ്ഞങ്ങാട്-കാസർകോട് കെ.എസ്.ടി.പി. റോഡിലെത്തിക്കും. പിന്നീട് സമാന്തരമായി വടക്കോട്ടും തെക്കോട്ട് നീലേശ്വരം വരെയും കുഴൽ വലിക്കും.
