25കൊല്ലത്തെ രാഷ്ട്രീയവും ആദർഷവും ഒഴിവാക്കി പുതിയ മേച്ചിൽ പുറം തേടിയത് ഒരു വാർഡ് മെമ്പർ സ്ഥാനം മോഹിച്ച്,അധികാരം മനുഷ്യരെ മത്ത് പിടിപ്പിക്കുമ്പോൾ

 തിരുവനന്തപുരം: പി ഡി പി നേതാവ് പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐ എന്‍ എല്ലില്‍ ചേരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സിറാജ് മത്സരിക്കും. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. പി ഡി പിയുടെ വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന സിറാജിന് അടുത്തിടെ നടന്ന സംഘടന തിരഞ്ഞെടുപ്പില്‍ പ്രാധാന്യം ലഭിച്ചിരുന്നില്ല.


സംഘടന തിരഞ്ഞെടുപ്പിന് ശേഷം നാമനിര്‍ദേശം വഴി ഭാരവാഹികളെ തീരുമാനിച്ചപ്പോഴും സിറാജിനെ തഴഞ്ഞു. ഈ അസംതൃപ്‌തിയാണ് അദ്ദേഹം പാര്‍ട്ടി വിടാന്‍ കാരണം. തിരുവനന്തപുരം കോര്‍പറേഷനില്‍ മാണിക്കവിളാകം വാര്‍ഡില്‍ നിന്നാകും സിറാജ് മത്സരിക്കുക. നേരത്തേ കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുളള പൂന്തുറ സിറാജ് വഴി സീറ്റ് വിജയിക്കാമെന്ന നിഗമനത്തിലാണ് ഐ എന്‍ എല്‍.



സിറാജ് പാര്‍ട്ടി വിട്ടതിന് പിന്നാലെ അദ്ദേഹത്തെ പി ഡി പിയില്‍ നിന്ന് പുറത്താക്കി.


പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐ എന്‍ എല്ലില്‍ ചേര്‍ന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അബ്‌ദുള്‍ നാസര്‍ മഅ്‌ദനി പ്രതികരിച്ചു. ഭാരം ഏല്‍പ്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്ന തലക്കെട്ട് നല്‍കിയ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു തൂവല്‍ നഷ്‌ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്നും, അതുപോലെ ഒരു പരാജയമോ നഷ്‌ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെയെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതികരണം ആണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.


ഇരുപത്തി അഞ്ച് വര്‍ഷത്തോളമായുളള സംഘടനാബന്ധം ഉപേക്ഷിച്ച്‌ കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുളള തീരുമാനം രാഷ്ട്രീയ ധാര്‍മികതയ്‌ക്ക് നിരക്കാത്തതും വഞ്ചനയുമാണെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പിലൂടെ വ്യക്തമാക്കി.


أحدث أقدم
Kasaragod Today
Kasaragod Today