ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതനിരപേക്ഷത അപകടകരമായ അവസ്ഥയിലാണെന്നു കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 'വിദ്വേഷ ശക്തികള്‍ക്ക്' രാജ്യത്തിന്റെ ഈ മതനിരപേക്ഷതയില്‍ മാറ്റം വരുത്താനാകില്ല. പുതിയ പുസ്തകമായ 'ദ് ബാറ്റില്‍ ഓഫ് ബിലോങ്ങിങ്' പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ടു വാര്‍ത്താ ഏജന്‍സി പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 'ബിജെപി ലൈറ്റ്' ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയുടെ ആശയങ്ങളെ മുന്നോട്ടുവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തത്ത്വമെന്ന നിലയിലും പ്രവര്‍ത്തനരീതിയെന്ന നിലയിലും ഇപ്പോള്‍ രാജ്യത്തെ മതേതരത്വം അപകടാവസ്ഥയിലാണ്.
ഭരിക്കുന്നവര്‍ ഈ വാക്ക് പോലും ഭരണഘടനയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെറുപ്പിന്‍റെ ശക്തികള്‍ക്ക് രാജ്യത്തെ മതേതര സ്വഭാവം സ്ഥിരമായി മാറ്റാന്‍ കഴിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിലര്‍ക്ക് അത്തരം ആശങ്കയുണ്ടെന്നും അത് താന്‍ അംഗീകരിക്കുന്നുവെന്നും ശശി തരൂര്‍ പ്രതികരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 'ബിജെപി ലൈറ്റ്' ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല, അത് കോണ്‍ഗ്രസ് പാര്‍ട്ടിയെ 'സീറോ' ആക്കി മാറ്റുമെന്ന് തരൂര്‍ വ്യക്തമാക്കി.
