ബദിയടുക്ക ∙ നവജാതശിശു ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെ രക്ത സ്രാവത്തെ തുടർന്ന് ആശുപത്രിയിൽപ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ആശുപത്രിയിലെത്തിക്കും മുൻപ് ഷാഹിന പ്രസവിച്ചതായി ഡേക്ടർ അറിയിച്ചു. വീട്ടിലെ മുറി പരിശോധിച്ചപ്പോൾ കട്ടിലിനടിയിൽ കുഞ്ഞിനെ കഴുത്തിൽ കേബിൾ കുടുങ്ങിയ നിലയിൽ മരിച്ചതായി കണ്ടെത്തി.
ഷാഹിന പ്രസവിച്ച വിവരം മറച്ചുവച്ചാണ് പെരുമാറിയതെന്നും ഗർഭിണിയായ വിവരം അറിയിച്ചില്ലെന്നും ഷാഫി നൽകിയ പരാതിയിൽ പറയുന്നു. കുഞ്ഞിനെ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ശ്വാസം മുട്ടിയാണു കുഞ്ഞ് മരിച്ചതെന്നാണു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. ഷാഹിന ആശുപത്രിയിൽ ചികിത്സയിലാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
