ഗോഹട്ടി: ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പള്ളികള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കളെ മര്‍ദ്ദിക്കുമെന്ന് ബജ്രംഗ്ദള്‍ നേതാവിന്‍റെ പ്രഖ്യാപനം. അസമിലെ കാച്ചര്‍ ജില്ലയിലെ സില്‍ചാറില്‍ ഈ ആഴ്ച ആദ്യം നടന്ന പരിപാടിയിലായിരുന്നു ബജ്‌റംഗ്ദള്‍ ജില്ലാ യൂണിറ്റ് ജനറല്‍ സെക്രട്ടറി മിഥു നാഥിന്‍റെ ഭീഷണി.
മിഥുമാഥിന്‍റെ വിഡിയോ സന്ദേശം ഓണ്‍ലൈനിലൂടെയാണ് പ്രചരിക്കുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മേഘാലയയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അടച്ചുപൂട്ടിയതില്‍ താന്‍ പ്രകോപിതനാണെന്ന് മിഥു നാഥ് പറഞ്ഞു.
"അവര്‍ നമ്മുടെ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിയതിനുശേഷവും പള്ളികള്‍ സന്ദര്‍ശിക്കുകയാണ് ഹിന്ദുക്കള്‍.
ഇവരെ ഞാന്‍ ശകാരിക്കുന്നു, അവരെ അടിക്കും. ഈ ക്രിസ്മസിന് ഒരു ഹിന്ദുവും പള്ളിയില്‍ പോകില്ല. ഞങ്ങള്‍ അത് ഉറപ്പ് വരുത്തും" മിഥു നാഥ് പറഞ്ഞു.
"ഞങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ (ഹിന്ദുക്കളെ ആക്രമിക്കുക) അടുത്ത ദിവസം പത്രങ്ങളിലെ പ്രധാനവാര്‍ത്തകള്‍ എന്താണെന്ന് എനിക്കറിയാം -"ഗുണ്ടാ ദള്‍ ഓറിയന്‍റല്‍ സ്കൂളിനെ ആക്രമിച്ചു" പക്ഷേ അതേക്കുറിച്ച് ഞങ്ങള്‍ക്ക് വേവലാതിയില്ല. മിഥു നാഥ് പറഞ്ഞു.
70ഓളം വരുന്ന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മിഥുനാഥിന്‍റെ പ്രഭാഷണം. സില്‍ച്ചര്‍ ക്രിസ്റ്റ്യന്‍ ന്യൂനപക്ഷ പ്രദേശമാണെങ്കില്‍ പോലും അംബികപട്ടിയിലെ ഓറിയന്‍റല്‍ സ്കൂള്‍ കേന്ദ്രീകരിച്ച് ക്രിസ്മസ് അവധിയാഘോഷങ്ങള്‍ വലിയ തോതില്‍ നടക്കാറുണ്ട്.
