കാസർകോട് ∙ ബിജെപി അധികാരത്തിലെത്താൻ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സ്വീകരിക്കേണ്ട നിലപാടിനെച്ചൊല്ലി എൽഡിഎഫിൽ ആശയക്കുഴപ്പം. ബിജെപിയെ തടയാൻ യുഡിഎഫ് ഉൾപ്പെടെയുള്ള കക്ഷികളെ പിന്തുണയ്ക്കണമെന്നാണ് സിപിഐ പറയുന്നത്. എന്നാൽ യുഡിഎഫിനെ പിന്തുണയ്ക്കുകയോ അവരുടെ പിന്തുണ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഎം. സിപിഎമ്മിന്റെ അതേ നിലപാടിലാണ് യുഡിഎഫും.
സിപിഎമ്മിന് പിന്തുണ നൽകുകയോ അവരുടെ പിന്തുണ സ്വീകരിക്കുകയോ ഇല്ലെന്ന് യുഡിഎഫും പറയുന്നു. അതേസമയം സിപിഎമ്മിനോടുള്ള തൊട്ടുകൂടായ്മ സിപിഐയോട് ഇല്ല. സിപിഐ പിന്തുണ നൽകിയാൽ സ്വീകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ഇതു കുംബഡാജെയിൽ യുഡിഎഫിന് ഗുണമാകും. ബിജെപിക്കെതിരെ കഴിഞ്ഞ തവണ കാറഡുക്കയിലും എൻമകജെയിലും ഒരുമിച്ച എൽഡിഎഫും യുഡിഎഫും നിയസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അകലം പാലിക്കുന്നതെന്നാണ് ആക്ഷേപം.ഇതു ജില്ലയിൽ ബിജെപിക്ക് കൂടുതൽ പഞ്ചായത്തുകളിൽ ഭരണം ലഭിക്കാൻ വഴിയൊരുക്കും. കുമ്പള, മീഞ്ച പഞ്ചായത്തുകളിൽ ബിജെപിയാണ് വലിയ കക്ഷി. ബദിയടുക്ക, പൈവൊളിഗെ പഞ്ചായത്തുകളിൽ നറുക്കെടുപ്പിനും വഴിയൊരുങ്ങും. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത 10 പഞ്ചായത്തുകളാണ് ഇക്കുറി ജില്ലയിലുള്ളത്. സ്വതന്ത്രരും വിമതരമുള്ള പഞ്ചായത്തുകളിൽ അവരെ കൂട്ടുപിടിച്ച് ഭരണം ഉറപ്പിക്കാനുള്ള തന്ത്രങ്ങളിലാണ് മുന്നണികൾ.
മഞ്ചേശ്വരം
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പഞ്ചായത്തിൽ വലിയ കക്ഷിയായ യുഡിഎഫിനുള്ളത് 8 സീറ്റുകൾ മാത്രം. കേവല ഭൂരിപക്ഷത്തിന് 11 പേരുടെ പിന്തുണ വേണമെങ്കിലും പ്രതിപക്ഷത്ത് എൻഡിഎയ്ക്ക് 6 ഉം എൽഡിഎഫിന് 3 ഉം സീറ്റുകളുണ്ട്. അതുകൊണ്ട് 8 സീറ്റുകളുമായി വലിയ കക്ഷിയെന്ന നിലയിൽ യുഡിഎഫിന് ഭരണത്തിലെത്താൻ കഴിയും. 11 ാം വാർഡിൽ നിന്നു മുസ്‌ലിംലീഗ് വിമതനായി വിജയിച്ച മുഹമ്മദ് സിദ്ദീഖിനെ കൂടെ നിർത്താൻ മുസ്‌ലിം ലീഗ് ശ്രമം നടത്തുന്നുണ്ട്.
വോർക്കാടി
ഇവിടെ എൽഡിഎഫാണ് വലിയ കക്ഷി. 16 അംഗ ഭരണസമിതിയിൽ 6 സീറ്റുകളാണ് എൽഡിഎഫിന്. എൻഡിഎ-5, യുഡിഎഫ്-4, എസ്ഡിപിഐ- 1 എന്നിങ്ങനെയാണ് കക്ഷിനില. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന് ഭരണത്തിലെത്താൻ വെല്ലുവിളികളൊന്നുമില്ല. സുള്ള്യമേ വാർഡിൽ നിന്നു വിജയിച്ച ഗീത വി. സമാനിയെയാണ് സിപിഎം പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിച്ചിട്ടുള്ളത്. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ്, എസ്ഡിപിഐ കക്ഷികൾ പിന്തുണച്ചാൽ ഇവർ സ്ഥാനം രാജിവയ്ക്കും.
കാറഡുക്ക
കാറഡുക്ക പഞ്ചായത്തിൽ ഒരു സീറ്റ് കുറഞ്ഞെങ്കിലും ബിജെപി തന്നെയാണ് വലിയ കക്ഷി. കഴിഞ്ഞ തവണ വലിയ കക്ഷി എന്ന നിലയിൽ മൂന്നര വർഷം ഭരിച്ചെങ്കിലും യുഡിഎഫും എൽഡിഎഫും ഒരുമിച്ചു ചേർന്ന് അവിശ്വാസത്തിലൂടെ പുറത്താക്കി. എന്നാൽ ഇത്തവണ സഖ്യസാധ്യത അടഞ്ഞതോടെ ബിജെപി വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യതയാണ്. എൽഡിഎഫ്-യുഡിഎഫ് സഖ്യത്തിനെതിരെ ഇരുപാർട്ടികളിലും മുറുമുറുപ്പുണ്ട്.
കുമ്പള
19ാം വാർഡിൽ നിന്നു വിമതയായി മത്സരിച്ചു ജയിച്ച ഖൗലത്ത് ബീവിയിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. അവരുടെ പിന്തുണയുണ്ടെങ്കിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്താൻ യുഡിഎഫിനാവും. മുസ്‌ലിം ലീഗ് പ്രദേശിക നേതൃത്വവുമായി ഇവർ നടത്തിയ ചർച്ചയിൽ ചില ഉപാധികൾ വച്ചിട്ടുണ്ടെന്നാണ് വിവരം. പിന്തുണ ലഭിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. 9 വീതം സീറ്റുകളുമായി യുഡിഎഫും എൻഡിഎയും ഒപ്പമാണ്.
കുംബഡാജെ
സിപിഐ തീരുമാനം കുംബഡാജെ പഞ്ചായത്തിൽ യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. 13 അംഗ ഭരണസമിതിയിൽ യുഡിഎഫിനും എൻഡിഎയ്ക്കും 6 വീതം അംഗങ്ങളുണ്ട്. സിപിഐക്ക് ഒന്നും. സിപിഐ പിന്തുണച്ചാൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തും.
ബദിയടുക്ക
8 സീറ്റുകൾ വീതം നേടി എൻഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പം നിൽക്കുന്ന പഞ്ചായത്താണ് ബദിയടുക്ക. സിപിഎമ്മിന് ഇവിടെ 3 അംഗങ്ങളുണ്ട്. സിപിഎം ആർക്കും പിന്തുണ നൽകാത്തതിനാൽ നറുക്കെടുപ്പിലൂടെയാകും ഭരണസമിതിയെ തീരുമാനിക്കുക.
മീഞ്ച
15 അംഗങ്ങളുള്ള മീഞ്ചയിൽ 6 അംഗങ്ങളുള്ള ബിജെപിയാണ് വലിയ കക്ഷി. 2 പേരുടെ കൂടി പിന്തുണയുണ്ടെങ്കിൽ കേവല ഭൂരിപക്ഷം ഉറപ്പിക്കാം. എൽഡിഎഫിന് 5 ഉം യുഡിഎഫിന് 3ഉം എസ്ഡിപിഐക്ക് ഒന്ന് എന്നിങ്ങനെയാണ് ബാക്കി കക്ഷിനില. എൽഡിഎഫ് എസ്ഡിപിഐ പിന്തുണ സ്വീകരിക്കാത്ത സാഹചര്യത്തിൽ ബിജെപി തന്നെ അധികാരത്തിലെത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
പൈവളിഗെ
എൽഡിഎഫും എൽഡിഎയും 8 സീറ്റുകളുമായി ഇവിടെ ഒപ്പത്തിനൊപ്പമാണ്. യുഡിഎഫിന് 3 അംഗങ്ങളുമുണ്ട്. സ്വതന്ത്രരില്ലാത്തതിനാൽ ഇവിടെ അട്ടിമറിക്ക് സാധ്യതയില്ല. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നറുക്കെടുപ്പിനാണ് സാധ്യത.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്
യുഡിഎഫിനും എൻഡിഎയ്ക്കും 6 അംഗങ്ങൾ വീതമുള്ള മഞ്ചേശ്വരം ബ്ലോക്കിൽ നറുക്കെടുപ്പിന് സാധ്യത. 2 അംഗങ്ങളുള്ള സിപിഎം യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ എസ്ഡിപിഐയുടെ ഒരു അംഗമാണ് വേറെയുള്ളത്. എസ്ഡിപിഐ പിന്തുണ നൽകിയാലും യുഡിഎഫ് സ്വീകരിക്കില്ല.