പത്ത് ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ പ്രതി യുവാവിന് നേരെ വാള്‍വീശി

 ബന്തിയോട്: പച്ചമ്പളയില്‍ കഞ്ചാവ് മാഫിയാസംഘത്തിന്റെ വിളയാട്ടം. പത്ത് ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ പ്രതി സി.പി.എം പ്രവര്‍ത്തകന്‍ ചേവാറിലെ നൗഷാദിന്(28) നേരെ വാള്‍വീശി. നൗഷാദിനെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പച്ചമ്പളയിലെ ഓട്ടോ ഡ്രൈവറായ നൗഷാദ് ഓട്ടോയിലിരിക്കുമ്പോള്‍ വലിച്ചിറക്കി മര്‍ദ്ദിക്കുകയും ഇളനീര്‍ വെട്ടാന്‍ വേണ്ടി സമീപത്തെ കടയില്‍ സൂക്ഷിച്ച വെട്ട് കത്തിയെടുത്ത് തലങ്ങും വിലങ്ങും വീശുകയുമായിരുന്നു. ഒഴിഞ്ഞ് മാറിയതുകൊണ്ട് രക്ഷപ്പെട്ടു. ഒരു മാസം മുമ്പ് രണ്ട് പേരെ പച്ചമ്പളയില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി പത്ത് ദിവസം മുമ്പ് റിമാണ്ട് കാലാവധി കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതിയാണ് അക്രമിച്ചതെന്ന് നൗഷാദ് കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നാല് ദിവസം മുമ്പ് പച്ചമ്പളയില്‍ കഞ്ചാവ് ലഹരിയില്‍ മൂന്നംഗ സംഘം ബാര്‍ബര്‍ ഷോപ്പില്‍ കയറി ജീവനക്കാരനെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ സംഘത്തെ കൈകാര്യം ചെയ്യുന്നതിനിടെ ഇയാള്‍ നാട്ടുകാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഓടി രക്ഷപ്പെടുകയായിരുന്നു. പുറത്ത് നിന്ന് എത്തുന്ന നിരവധി കേസുകളിലെ പ്രതികളാണ് പച്ചമ്പളയിലും പരിസരത്തും നേരം പുലരുന്നത് വരെ കഞ്ചാവ് ലഹരിയില്‍ അതിക്രമങ്ങള്‍ നടത്തുന്നത്. കഞ്ചാവ് സംഘത്തെ ഭയന്ന് സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.


أحدث أقدم
Kasaragod Today
Kasaragod Today