കാസര്‍കോട്: ചെര്‍ക്കള മുതല്‍ കാസര്‍കോട് ടൗണ്‍ വരെയുള്ള ജനങ്ങളുടെ ഉപ്പ് വെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി ബാവിക്കര കുടിവെള്ള പദ്ധതി ഫെബ്രുവരി മാസത്തില്‍ ഉദ്ഘാടനം ചെയ്യുന്നു. കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതത്തില്‍ ചേര്‍ന്ന ഉദുമ മണ്ഡലം വികസന യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു തുടങ്ങിയ ജില്ലയിലെ എല്ലാ ജില്ലാ തല ഉദ്യോഗസ്ഥരും പങ്കെടുത്തു. മണ്ഡലത്തില്‍ സ്കൂള്‍ കെട്ടിടം, ആശുപത്രി കെട്ടിടം, റോഡുകള്‍, പാലങ്ങള്‍ തുടങ്ങി 100ല്‍ പരം പ്രവര്‍ത്തികളുടെ ഉദ്ഘാടനമാണ് ഉദുമ മണ്ഡലത്തില്‍ നടത്താന്‍ പോകുന്നത്. 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പെരിയ ഹൈസ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും.
ഉദുമ മണ്ഡലത്തിലെ വികസന വിപ്ലവത്തില്‍ എടുത്തു പറയാവുന്ന തെക്കില്‍-ആലട്ടി റോഡ്, കുറ്റിക്കോല്‍-ബോവിക്കാനം റോഡും ഉദ്ഘാടനം ചെയ്യും. 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സര്‍ക്കാരിന്റെ കീഴിലുള്ള ഏറ്റവും വലിയ ബേഡകത്തെ ആട് ഫാം ഉദ്ഘാടനം ചെയ്യും. കീഴൂര്‍ തീരദേശ പൊലീസ് സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും വിവിധ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പെരിയ, മുളിയാര്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഫെബ്രുവരി 15ന് ഉദ്ഘാടനം ചെയ്യും. പള്ളിക്കര ആശുപത്രിയുടെ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്യും. ബാവിക്കരയില്‍ നിന്ന് ചട്ടംചാലിലും കുന്നുപാറയിലും ടാങ്ക് നിര്‍മിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന 88 കോടി രൂപ ചെലവ് വരുന്ന കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനവും നടത്തും.