കാസര്‍ഗോഡ്: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒമ്പതുമാസത്തിനിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 285 കേസുകള്‍. ഇതില്‍ 44 ലൈംഗിക പീഡനക്കേസുകളും 38 മറ്റു ശാരീരിക പീഡനക്കേസുകളുമുണ്ട്.
കുട്ടികളെ മാനസികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 50 കേസുകളും രജിസ്റ്റര്‍ ചെയ്തതായാണ് ചൈല്‍ഡ് ലൈനിന്റെ കണക്ക്. ബാലവിവാഹത്തിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലോക്ക് ഡൗണ്‍ കാലത്ത് എല്ലാവരും വീടിനുള്ളില്‍ ഒതുങ്ങിനില്ക്കേണ്ടിവന്നപ്പോള് കുട്ടികളോടുള്ള അതിക്രമങ്ങളും വര്‍ധിച്ചതായാണ് വിലയിരുത്തല്‍. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന മേഖലകളിലാണ് ഇത് കൂടുതലായി കാണപ്പെട്ടത്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ മദ്യ-ലഹരിവസ്തു ഉപയോഗവും ഇതിന് കാരണമാകുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മിക്ക സമയവും വീടിനുള്ളില്‍ അടച്ചിരിക്കേണ്ടിവരുന്നതിന്റെ നിരാശാബോധവും ചിലര്‍ കുട്ടികളില്‍ തീര്‍ത്തതായാണ് സൂചന. ഉള്‍പ്രദേശങ്ങളിലെ അനധികൃത മദ്യവില്‍പ്പനയും ഇതിന് വലിയൊരളവുവരെ വഴിയൊരുക്കി. കഴിഞ്ഞദിവസം ഒന്നാംക്ലാസുകാരന്റെ കൺമുന്നിൽ അമ്മയെ വെടിവച്ച് കൊലപ്പെടുത്തി അച്ഛന് ജീവനൊടുക്കിയ സംഭവത്തിലും വില്ലനായത് വ്യാജമദ്യമായിരുന്നു.