യൂത്ത് ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി

 വിദ്യാനഗര്‍: കഞ്ചാവ് വില്‍പനയെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ യൂത്ത് ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. മുസ്ലിംയൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ ജോയിന്റ് സെക്രട്ടറി ബഷീര്‍ കടവത്തി(37)നാണ് കുത്തേറ്റത്.

ഇന്നലെ രാത്രി പത്ത് മണിയോടെ ചാലക്കുന്ന് പെരുമ്പള റോഡില്‍ വെച്ചാണ് സംഭവം. പ്രദേശത്ത് കഞ്ചാവ് സംഘത്തിന്റെ പരാക്രമം വര്‍ധിച്ചതോടെ ബഷീര്‍ ചോദ്യം ചെയ്തിരുന്നുവത്രെ. ഇതിന്റെ വൈരാഗ്യത്തില്‍ ഇന്നലെ രാത്രി ഒരു സംഘം അക്രമിച്ചുവെന്നാണ് പരാതി. ബിയര്‍കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും കത്തികൊണ്ട് കഴുത്തിന് നേരെ കുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ബഷീറിന്റെ ചെവി മുറിഞ്ഞിട്ടുണ്ട്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബഷീറിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കി. അക്രമം സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന കഞ്ചാവ് സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.


أحدث أقدم
Kasaragod Today
Kasaragod Today