കാസർകോട് ∙ ജില്ലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും രാത്രി 10 വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി. ജില്ലാ കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. അൺലോക്കുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിലെ എല്ലാ നിർദ്ദേശങ്ങളും ജില്ലയിലും ബാധകമാണ്.
നേരത്തേ ഹോട്ടലുകൾ 9ന് അടക്കണമെന്ന നിർദേശത്തിനെതിരെ ഹോട്ടലുടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്നതായായിരുന്നു പരാതി.യോഗത്തിൽ ജില്ലാ കലക്ടർ ഡി.സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, എഡിഎം എൻ.ദേവീദാസ്, ഡിഎംഒ ഡോ. എ.വി. രാംദാസ്, കൊറോണ കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.യോഗത്തിലെ മറ്റു തീരുമാനങ്ങൾ:
∙കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ ജാഗ്രത തുടരണം.
∙മഞ്ചേശ്വരം ഭാഗത്ത് കൂടുതൽ പരിശോധനകൾ നടത്തും.
∙അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലെ വിവിധ ലാബുകളിൽ പോയി വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ലാബുകൾക്കെതിരെ നടപടി സ്വീകരിക്കും.
∙പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പോസ്റ്റ് മെട്രിക്, പ്രീമെട്രിക്, മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റലുകളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ ആരംഭിച്ചു. പ്രവേശനത്തിനെത്തുന്ന വിദ്യാർഥികൾക്ക് ആന്റിജൻ ടെസ്റ്റ് നടത്തും.
∙ട്യൂഷൻ സെന്ററുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി.