ഇന്ധന പമ്പുകൾ ജലസ്രോതസിനടുത്ത് പാടില്ല; 50 മീറ്റര്‍ അകലം വേണം

 ന്യൂഡൽഹി∙ ഇന്ധന പമ്പുകൾ ജലസ്രോതസുകളിൽ നിന്ന് 50 മീറ്റർ അകലത്തിൽ വേണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശം. ഇതടങ്ങുന്ന കരട്  ബോർഡ് പ്രസിദ്ധീകരിച്ചു. 

ആശുപത്രികൾ, സ്കൂളുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് 50 മീറ്റർ അകലത്തിലാവണം പമ്പുകളെന്ന് കഴിഞ്ഞ വർഷം ബോർഡ് നിർദേശിച്ചിരുന്നു. അതിന് അനുബന്ധമായാണ് പുതിയ നിർദേശം. തടാകം, കുളം, അരുവികൾ, പുഴകൾ, കടൽ, നീർത്തടങ്ങൾ, കിണറുകളടക്കമുള്ള മറ്റു സ്രോതസ്സുകൾ എന്നിവിടങ്ങളിൽ നിന്ന് 50 മീറ്റർ അകലം വേണമെന്നാണ് നിർദേശം. നിലവിലുള്ള പമ്പുകൾ ഇതിനുള്ളിലാണെങ്കിൽ ടാങ്കുകൾക്ക് ഇരട്ട സുരക്ഷാ കവചങ്ങളും മലിനീകരണം തടയാനുള്ള മറ്റു സംവിധാനങ്ങളും ഏർപ്പെടുത്തണം. വർഷത്തിലൊരിക്കൽ പമ്പുകളിൽ നിന്നുള്ള ഭൂഗർഭജല മലിനീകരണം അതത് ഇന്ധനക്കമ്പനികൾ പരിശോധിച്ചു റിപ്പോർട്ട് നൽകണം.ദേശീയ ഗ്രീൻ ട്രിബ്യൂണലിന്റെ നിർദേശപ്രകാരം വിദഗ്ധ സമിതി നടത്തിയ പഠനത്തിനു ശേഷമാണ് നിബന്ധനകൾ മലിനീകരണ നിയന്ത്രണ ബോർഡ് ഏർപ്പെടുത്തിയത്. നദികൾ സമീപത്തുണ്ടെങ്കിൽ വെള്ളപ്പൊക്കമുണ്ടാവുമ്പോൾ വെള്ളം എത്താൻ സാധ്യതയുള്ള സ്ഥലത്തു നിന്നായിരിക്കണം നിർദിഷ്ട ദൂരപരിധി കണക്കാക്കേണ്ടതെന്നും നിർദേശങ്ങളിൽ പറയുന്നു.


أحدث أقدم
Kasaragod Today
Kasaragod Today