കുഞ്ഞിനെ കൊന്നത് നാണക്കേട്മൂലമെന്ന് മാതാവ്,ചോദ്യം ചെയ്യലിനിടെ വിങ്ങിപ്പൊട്ടി ഷാഹിന,പോലീസ് ഡിഎൻഎ പരിശോധിക്കുന്നു

 കാഞ്ഞങ്ങാട്: നാണക്കേടും കുറ്റപ്പെടുത്തലുകളുമോർത്ത് മോനെ ഞാൻ കൊന്നുപോയി. പോലീസിന് മുമ്പിൽ വിങ്ങിപ്പൊട്ടി നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ഷാഹിന. ബദിയടുക്ക നീർച്ചാലിലെ  വീട്ടിൽ നിന്നും പോലീസ്  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോഴാണ്  സൈമ എന്ന് വിളിക്കുന്ന ഷാഹിനയെന്ന ഇരുപത്തിയാറുകാരി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന് മുമ്പിൽ വിങ്ങിപ്പൊട്ടിയത്.


ചോരക്കുഞ്ഞിനെ ഇയർഫോൺ വയർ  കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതായി കുറ്റം ഏറ്റ് പറഞ്ഞാണ് ഷാഹിനയുടെ  വികാര പ്രകടനം. ഞാൻ ചെയ്തുപോയി  ഒരേ മറുപടി ഷാഹിന പോലീസിന് മുമ്പിൽ പറഞ്ഞുകൊണ്ടിരുന്നു. മരണപ്പെട്ട നവജാത ശിശുവിനെ കൂടാതെ ഒരു വയസ്സും നാല് മാസവുമായ പെൺകുട്ടി ഷാഹിനയ്ക്കുണ്ട്. ആദ്യ പ്രസവം കഴിഞ്ഞ് നാലാം മാസത്തിന് ശേഷം ഗർഭിണിയായ വിവരം യുവതി അറിഞ്ഞിരുന്നില്ലെന്നും, മാസമുറയിൽ പ്രസവ കാരണത്താൽ മാറ്റമുണ്ടായതാകാമെന്ന് കരുതി ഷാഹിന.


ഏറെ  വൈകി വീണ്ടും ഗർഭം ധരിച്ച വിവരം സ്വയം അറിഞ്ഞതോടെ അസ്വസ്ഥതയും അങ്കലാപ്പുമായി. മുലപ്പാൽ  കുടിക്കുന്ന കുട്ടിയുണ്ടായിരിക്കെ വീണ്ടും ഗർഭം ധരിച്ച വിവരം വീട്ടുകാരോട് തുറന്ന് പറയാൻ ഷാഹിനയ്ക്ക് ഭയവും നാണക്കേടുമുണ്ടായിരുന്നു. ഇതുമൂലം വിവരം രഹസ്യമാക്കി സൂക്ഷിച്ചു. പ്രസവം കഴിഞ്ഞ സമയമായതിനാൽ, ഷാഹിനയുടെ ശരീരഘടനയിലുണ്ടായ മാറ്റത്തിൽ വീട്ടുകാരും കാര്യമറിഞ്ഞില്ല.


വീട്ടുകാർ എല്ലാവരും ബന്ധുവീട്ടിൽ പോയ സമയത്താണ് ഷാഹിന സ്വന്തം വീട്ടിൽ  ആൺകുഞ്ഞിന് ജന്മം നൽകിയത്. തിരിച്ചെത്തിയ വീട്ടുകാർ മുറിയിലാകെ രക്തം കണ്ട് നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ  കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. ഭർത്താവ് കലന്തർ ഷാഫിയുടെ പരാതിയിൽ ബദിയടുക്ക പോലീസ് കേസ്സെടുക്കുകയും,  പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിനെ കഴുത്തിൽ വയർകുരുക്കി കൊലപ്പെടുത്തിയതാണെന്നുംവ്യക്തമായി.


ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ബേഡകം പോലീസ്  അന്വേഷണമേറ്റെടുത്ത് ഷാഹിനയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണൂർ വനിതാ ജയിലിൽ കോടതി റിമാന്റ് ചെയ്ത യുവതിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഭർത്താവ് ഷാഫിയ്ക്ക് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. ഇടയ്ക്കിടെ നാട്ടിൽ വരാറുണ്ട്. കുഞ്ഞിന്റെ പിതൃത്വത്തിൽ ഷാഫിയ്ക്ക് സംശയമില്ലെങ്കിലും, ഡിഎൻഏ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.


പ്രസവിച്ചയുടനെ വീണ്ടും ഗർഭധാരണമുണ്ടാകുന്നത് മൂലം ചില സ്ത്രീകളിൽ മാനസിക അസ്വസ്ഥതകളുണ്ടാകാറുണ്ടെന്നാണ് ആരോഗ്യ രംഗത്തുള്ള വിദഗ്ധരുടെ അഭിപ്രായം. പെട്ടെന്നുള്ള രണ്ടാം പ്രസവത്തെ തുടർന്നുണ്ടായ മാനസിക വിഭ്രാന്തി മൂലം ഷാഹിന കുഞ്ഞിനെ കൊലപ്പെടുത്തിയതാണോയെന്നറിയുന്നതിന് പോലീസ് ആരോഗ്യ വിഭാഗത്തിലെ വിദഗ്ധരുടെ സഹായം തേടും.


.മരണപ്പെട്ട കുട്ടിയുടെയും ഷാഹിനയുടെ ഭർത്താവ് ഷാഫിയുടെയും രക്ത സാമ്പിളുകളാണ്  ഡിഎൻഎ പരിശോധന നടത്തുക. കോടതി അനുമതിയോടു കൂടിയാണ് പരിശോധന. 


ഡിസമ്പർ 16– നാണ് ഷാഹിനയുടെ ചെഡേക്കാൽ  വീട്ടിൽ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കൽ  കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ മരണം ശ്വാസം മുട്ടിയാണെന്ന് ഉറപ്പിച്ചിരുന്നു. തുടർന്ന് അന്വേഷണം മാതാവിലേക്ക് നീങ്ങുകയായിരുന്നു. വിദഗ്ധ പോസ്റ്റ്മോർട്ടത്തിന്റെ കൂടുതൽ വിവരങ്ങൾ  അന്വേഷണ സംഘത്തിന്  ലഭിച്ചു.  മൃതദേഹം പേസ്റ്റ് മോർട്ടം നടത്തിയ പോലീസ് സർജനിൽ നിന്നും, കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ബേഡകം  പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് മൊഴിയെടുത്തിട്ടുണ്ട്.


ഇയർഫോൺ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ്  പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. ഭൂമിയിലേക്ക് ജനിച്ചു വീണ് ഏതാനും സെക്കന്റുകൾ മാത്രമാണ് കുഞ്ഞ് ശ്വാസമെടുത്തതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചു. നവജാത ശിശുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഇയർഫോൺ വയർ പോലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിൽ ഷാഹിനയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ, ഷാഹിനയുടെ സെൽഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും


أحدث أقدم
Kasaragod Today
Kasaragod Today