വായ്‌പയെടുത്തയാള്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു; ജാമ്യം നിന്ന ആളുടെ ശമ്പളത്തില്‍ നിന്നു പണം തിരികെ പിടിച്ച്‌ ബാങ്ക്‌ അധികൃതര്‍, പ്രതിഷേധിച്ച്‌ ഒറ്റയാൾ സമരം

 കാസര്‍കോട്‌: ബാങ്കില്‍ നിന്നു വായ്‌പയെടുത്തു ലോട്ടറി സ്റ്റാള്‍ തുടങ്ങിയ ആള്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. വായ്‌പയ്‌ക്ക്‌ ജാമ്യം നിന്ന ആളുടെ ശമ്പളത്തില്‍ നിന്നു പണം തിരികെ പിടിച്ച്‌ ബാങ്ക്‌ അധികൃതര്‍. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജീവനക്കാരന്‍ ഓഫീസിനു മുന്നില്‍ ഒറ്റയാള്‍ സമരം തുടങ്ങി. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും കെ എസ്‌ ആര്‍ ടി സിയില്‍ ജീവനക്കാരനുമായ ഷംസുദ്ദീന്‍ ആണ്‌ സമരം ആരംഭിച്ചത്‌.

സമരത്തിനു ആസ്‌പദമായ സംഭവത്തെ കുറിച്ച്‌ ഷംസുദ്ദീന്‍ പറയുന്നത്‌ ഇങ്ങനെ-`-സുഹൃത്തായ കോട്ടക്കണി സ്വദേശിക്ക്‌ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതിനു മാസങ്ങള്‍ക്കു മുമ്പ്‌ താലൂക്ക്‌ ഓഫീസിനു സമീപത്തു ലോട്ടറിക്കട തുടങ്ങിയിരുന്നു. ഒരു സഹകരണ ബാങ്കില്‍ നിന്നു ഒരു ലക്ഷം രൂപ വായ്‌പയെടുത്താണ്‌ സ്റ്റാള്‍ തുടങ്ങിയത്‌. ലോണ്‍ ലഭിക്കുന്നതിനു ജാമ്യം നിന്നത്‌ ഷംസുദ്ദീന്‍ ആയിരുന്നു. എന്നാല്‍ വായ്‌പപയെടുത്ത ആള്‍ കോവിഡ്‌ ബാധിതനാവുകയും മാസങ്ങളോളം മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ഒടുവില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്‌തു. ചികിത്സയ്‌ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കുകയും ചെയ്‌തു. വായ്‌പയെടുത്ത ആള്‍ മരിച്ചതോടെ തിരിച്ചടവ്‌ മുടങ്ങിയ ബാങ്ക്‌ അധികൃതര്‍ അന്വേഷിച്ചപ്പോള്‍ മരണ വിവരം അറിയിക്കുകയും സര്‍ട്ടിഫിക്കറ്റ്‌ കാണിക്കുകയും ചെയ്‌തു. എന്നാല്‍ തന്നോടും മരണപ്പെട്ട ആളോടും അധികൃതര്‍ ഒരു തരത്തിലുള്ള ദയയും കാണിച്ചില്ല, എന്റെ ശമ്പളത്തില്‍ നിന്നു ഇന്നലെ 10,000 രൂപ പിടിക്കുകയും ചെയ്‌തു. ഇതോടെയാണ്‌ ജില്ലാ ട്രാന്‍സ്‌ പോര്‍ട്ട്‌ ഓഫീസറുടെ ഓഫീസിനു മുന്നില്‍ ഒറ്റയാള്‍ സമരം ആരംഭിച്ചത്‌. തന്റെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ്‌ ബാങ്ക്‌ അധികൃതര്‍ അനുകൂലമായ നിലപാട്‌ സ്വീകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌”.


أحدث أقدم
Kasaragod Today
Kasaragod Today