നെല്ലിക്കട്ട: പെര്‍ള -ചെര്‍ക്കള അന്തര്‍ സംസ്ഥാന പാതയുടെ മെക്കാഡം ടാറിംഗ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു കിടപ്പു സമരം നടത്തി. ഇന്നു രാവിലെ നെല്ലിക്കട്ടയിലാണ് റോഡ് ഉപരോധിച്ചത്. ഭാരവാഹികളായ ഇബ്രാഹിം നെല്ലിക്കട്ട, മാഹിന്‍ കേളോട്ട്, പുരുഷോത്തമന്‍ നായര്‍, ഗിരി, അബ്‌ദുള്ള, ഹനീഫ, നാസര്‍ കാട്ടുകൊച്ചി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരത്തെ തുടര്‍ന്ന് അരമണിക്കൂര്‍ നേരം ഗതാഗതം തടസ്സപ്പെട്ടു.
ഉക്കിനടുക്ക-ചെര്‍ക്കള റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിനു നേരത്തെ അനുമതിയും കരാറുമായിരുന്നു. എന്നാല്‍ ഉക്കിനടുക്ക മുതല്‍ ചെര്‍ളടുക്ക വരെ മാത്രമേ മെക്കാഡം ടാറിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ളൂ. അവശേഷിച്ച ഭാഗങ്ങളില്‍ റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ യാത്ര ദുഷ്‌ക്കരമാണ്. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചത്.