'ചര്‍മ്മത്തില്‍ സ്പര്‍ശിക്കാത്ത' പീഡനം പോക്സോ പ്രകാരം ലൈംഗിക അതിക്രമമല്ലെന്ന വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദുചെയ്തു

 ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദു ചെയ്ത് സുപ്രീം കോടതി. ഉടുപ്പിന് മുകളിലൂടെ ചര്‍മ്മത്തെ സ്പര്‍ശിക്കാത്ത തരത്തിലുള്ള പീഡനം പോക്‌സോ വകുപ്പ് പ്രകാരം ലൈംഗിക അതിക്രമമമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു മുംബൈ ഹൈക്കോടതി ഉത്തരവ്. പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തില്‍ അമര്‍ത്തിയ കേസിലെ പ്രതിയെ പോക്‌സോ കേസില്‍ നിന്നും മുക്തനാക്കിക്കൊണ്ടായിരുന്നു കോടതിയുടെ വിവാദ നിരീക്ഷണം.


ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച ഈ ഉത്തരവിനെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഒരു വിധിയാണ് ഇതെന്നായിരുന്നു അദ്ദേഹം കോടതിയെ അറിയിച്ചത്.ബോംബേ ഹൈക്കോടതിയുടെ നടപടി അസ്വസ്ഥതയുളവാക്കുന്നതാണെന്നും തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും എജി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കോടതി വിധി മരവിപ്പിച്ച്‌ ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക ഹര്‍ജി നല്‍കാനും അറ്റോര്‍ണി ജനറലിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.


പേരയ്ക്ക നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പന്ത്രണ്ടു വയസുകാരിയെ കൂട്ടിക്കൊണ്ടു പോയി ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലാണ് മുംബൈ ഹൈക്കോടതിയുടെ വിവാദ വിധിയുണ്ടായത്. ലൈംഗിക താത്പ്പര്യത്തോടെയുള്ള ശാരീരിക സ്പര്‍ശനം അഥവ ചര്‍മ്മത്തില്‍ സ്പര്‍ശിച്ചു കൊണ്ടുള്ള ബന്ധം ഉണ്ടായെങ്കില്‍ മാത്രമെ അത് ലൈംഗിക അതിക്രമം ആയി കണക്കാക്കാന്‍ ആകു' എന്നാണ് ജസ്റ്റിസ് പുഷ്പ ഗനെഡിവാല പറഞ്ഞത്. അല്ലാതെ കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചത് ലൈംഗികാതിക്രമത്തിന്റെ ഗണത്തില്‍പ്പെടുത്തി പോക്‌സോ രജിസ്റ്റര്‍ ചെയ്യാനാവില്ല. കുട്ടിയുടെ ഉടുപ്പ് നീക്കം ചെയ്‌തോ അല്ലെങ്കില്‍ ഉടുപ്പിനുള്ളിലൂടെയോ മാറിടത്തില്‍ പിടിക്കാതെ അത് ലൈംഗിക അതിക്രമം എന്ന് പറയാന്‍ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today