വിദ്യാനഗര്‍: അപകടത്തില്‍പ്പെട്ട വാനില്‍ നിന്നും ഇന്ധനം ഊറ്റുന്നതിനിടയില്‍ വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായത് കര്‍ണ്ണാടക, ഹാസനില്‍ നിന്നു കാര്‍ മോഷ്‌ടിച്ച കേസിലെ പ്രതി. വിവരമറിഞ്ഞെത്തി ആലൂര്‍ പൊലീസ് പ്രതിയായ ചട്ടഞ്ചാലിലെ അബ്‌ദുള്ള (18)യെയും കാറും കര്‍ണ്ണാടകയിലേയ്‌ക്ക് കൊണ്ടുപോയി.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ചെങ്കള ഇന്ദിരാനഗറിലായിരുന്നു സംഭവം. ഉദുമയില്‍ നിന്ന് ക്രിക്കറ്റ് കളി കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന ചെങ്കള, തൈവളപ്പ് സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ട വാനില്‍ നിന്ന് ഇന്ധനം മോഷ്‌ടിക്കുന്നത് കണ്ടതും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചതും. യുവാക്കളെ കണ്ട് കൂട്ടുപ്രതി റംസാന്‍ എന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ നിരവധി മോഷണകേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ജയിലില്‍ നിന്ന് ഇറങ്ങിയ റംസാനും അബ്‌ദുള്ളയും ചേര്‍ന്ന് മൂന്നാഴ്‌ച്ച മുമ്പാണ് ഹാസനില്‍ നിന്ന് കാര്‍ മോഷ്‌ടിച്ചത്. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടയില്‍ ആണ് അബ്‌ദുള്ള പിടിയിലായത്.ശനിയാഴ്‌ച്ചയാണ് കര്‍ഷകശ്രീ മില്‍ക്ക് കമ്പനിയുടെ വാന്‍ അപകടത്തില്‍പ്പെട്ടത്.